നടൻ വിനോദ് തോമസിനെ മുൻപും കാറിൽ അവശനിലയിൽ കണ്ടെത്തി; അഭിനയിച്ച രംഗം ജീവിതത്തിലും
Mail This Article
കോട്ടയം ∙ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിനിമ, സീരിയൽ നടൻ വിനോദ് തോമസിനെ രണ്ടുമാസം മുൻപും സമാന രീതിയിൽ കാറിനുള്ളിൽ മയങ്ങിയ നിലയിൽ കണ്ടെത്തിയതായി വിവരം. പാമ്പാടിയിലെ ബാറിന്റെ പാർക്കിങ്ങിൽ തന്നെയാണ് അന്നും ഇതേ നിലയിൽ കണ്ടെത്തിയത്. നിർത്തിയിട്ട കാറിനുള്ളിൽ എസി ഓൺ ചെയ്തു മയങ്ങിയ വിനോദിനെ അന്ന് എഴുന്നേൽപിച്ചത് ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ്. അന്നും ക്ഷീണിതനായിട്ടാണു വിനോദിനെ കണ്ടതെന്നും ഒരുപാടു നേരം ശ്രമിച്ചാണു കാറിനുള്ളിൽ നിന്ന് എഴുന്നേൽപിച്ചതെന്നും സെക്യൂരിറ്റി ജീവനക്കാർ പറയുന്നു.
വിനോദിന്റെ (47) സംസ്കാരം കോട്ടയം മുട്ടമ്പലം നഗരസഭാ ശ്മശാനത്തിൽ ഇന്നലെ നടത്തി. തന്റെ മൃതദേഹം ദഹിപ്പിക്കണമെന്നാണ് ആഗ്രഹമെന്നു വിനോദ് ബന്ധുക്കളെ അറിയിച്ചിരുന്നു. വിനോദിന്റെ മാതാപിതാക്കളുടെ സംസ്കാരവും മുട്ടമ്പലം ശ്മശാനത്തിലാണു നടത്തിയത്.
പാർക്കിങ് ഗ്രൗണ്ടിൽ കാറിനുള്ളിൽ വിനോദിനെ മരിച്ചനിലയിൽ കണ്ടെത്തിയതു ശനിയാഴ്ചയാണ്. വിനോദ് മദ്യപിച്ചിരുന്നില്ലെന്നും രാവിലെ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഗ്ലാസ് ഉയർത്തി എസി ഓൺ ചെയ്തു കാറിനുള്ളിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും കാറിനുള്ളിലെ കാർബൺ മോണോക്സൈഡ് ശ്വസിച്ചായിരുന്നു മരണം എന്നുമാണു പൊലീസ് നിഗമനം. കാറിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം എങ്ങനെ വന്നുവെന്നു കണ്ടെത്താൻ മെക്കാനിക്കൽ എൻജിനീയർമാർ ഇന്നലെ കാർ പരിശോധിച്ചു.
അഭിനയിച്ച രംഗം ജീവിതത്തിലും
കോട്ടയം ∙ വിഷവാതകം ശ്വസിച്ചു കാറിനുള്ളിലിരുന്നു മരിക്കുന്ന രംഗം വിനോദ് തോമസ് 7 വർഷം മുൻപ് അഭിനയിച്ചിരുന്നു. 2016ൽ ജിതിൻ ജോൺ പൂക്കോയി എഴുതി സംവിധാനം ചെയ്ത് ലൈഫ്–ലിവ്–ഫിയർലെസ് എന്ന ഹ്രസ്വചിത്രത്തിൽ ഇതേ രംഗത്തിലാണു വിനോദ് അഭിനയിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിനായി നിർമിച്ച ഹ്രസ്വചിത്രമാണിത്. ചിത്രത്തിൽ ശരവണൻ എന്ന ഡ്രൈവറുടെ വേഷമായിരുന്നു വിനോദിന്റേത്. എസി ഓൺ ചെയ്ത കാറിൽ ഇരിക്കുന്ന ഡ്രൈവർ വിഷവാതകം ശ്വസിച്ച് മരിക്കുന്നതായിരുന്നു രംഗം.