യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ 4 ഡിവൈഎഫ്ഐക്കാർ റിമാൻഡിൽ
Mail This Article
പഴയങ്ങാടി∙ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യാത്ര ചെയ്ത നവകേരള ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ 4 ഡിവൈഎഫ്ഐ നേതാക്കൾ റിമാൻഡിൽ. ഡിവൈഎഫ്ഐ മാടായി ബ്ലോക്ക് ജോ. സെക്രട്ടറി പി.ജിതിൻ (29), ബ്ലോക്ക് കമ്മിറ്റി അംഗം ജി.കെ.അനുവിന്ദ് (25), ചെറുതാഴം മേഖലാ പ്രസിഡന്റ് കെ.റമീസ് (25), ചെറുതാഴം സൗത്ത് മേഖലാ പ്രസിഡന്റ് അമൽ ബാബു (25) എന്നിവർ പഴയങ്ങാടി പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇവരെ റിമാൻഡ് ചെയ്തു. ഡിവൈഎഫ്ഐക്കാരായ എം.പി.വിഷ്ണു, പി.പി.സതീഷ്, അതുൽ കണ്ണൻ, അനുരാഗ്, ഷഫൂർ അഹമ്മദ്, അർജുൻ കുറ്റൂർ, അർഷിദ് കുറ്റൂർ, സിബി, ഹരിത് എന്നിവർക്കെതിരെയും കേസുണ്ട്.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ചതിന് 6 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച, കല്യാശേരി മണ്ഡലത്തിലെ നവകേരള സദസ്സിനു ശേഷം തളിപ്പറമ്പിലേക്കുള്ള യാത്രയ്ക്കിടെ പഴയങ്ങാടി പൊലീസ് സ്റ്റേഷനു സമീപത്തു വച്ചാണു യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതും ഡിവൈഎഫ്ഐക്കാർ മർദിച്ചതും. സാരമായി പരുക്കേറ്റ 2 യൂത്ത് കോൺഗ്രസുകാർ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ജില്ലയിൽ നവകേരള സദസ്സ് നടന്ന സ്ഥലങ്ങളിൽ നിന്നു ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് അടക്കമുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെയും യൂത്ത് ലീഗ് നേതാക്കളെയും പൊലീസ് കരുതൽ തടങ്കലിലെടുത്തു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ.ജിതിൻ, കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, യൂത്ത് ലീഗ് മട്ടന്നൂർ മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ഷബീർ എടയന്നൂർ, നേതാക്കളായ സത്താർ ഇടുമ്പ, ഉബൈദ് പാലോട്ടുപളളി, ആദിൽ എടയന്നൂർ, ഫസൽ റഹ്മാൻ എന്നിവരെയാണു കരുതൽ തടങ്കലിലെടുത്തത്.