ADVERTISEMENT

കാലടി ∙ ‘‘അതൊരു പതിനഞ്ചുകാരിയുടെ പക്വതക്കുറവായിരുന്നു. എന്റെ കണ്ണു നിറയാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. കണ്ണുനിറഞ്ഞെന്നു മാത്രമല്ല, തോറ്റ വിഷമത്തിൽ മത്സരത്തിൽ ജയിച്ച കുട്ടി ഒന്നും ചെയ്തില്ല എന്നു ഞാൻ വിളിച്ചു പറയുകയും ചെയ്തു. സത്യത്തിൽ ആ കുട്ടിയുടെ പ്രകടനം പോലും കാണാതെയാണ് ഞാൻ അന്ന് അങ്ങനെ പെരുമാറിയത്...’’ കലാതിലകപ്പട്ടം കൈവിട്ടതിൽ തകർന്നു കണ്ണു നിറഞ്ഞുപോയ പതിനഞ്ചുകാരിയെ വിദ്യാർഥികൾക്കു മുൻപിൽ ഓർത്തെടുത്ത് നടി നവ്യ നായർ. 

സിബിഎസ്ഇ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് 2001ലെ തൊടുപുഴ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ നാടകീയ രംഗങ്ങൾ നടി ഓർത്തത്. പങ്കെടുത്ത മത്സരങ്ങളിലെല്ലാം സമ്മാനം വാങ്ങി തിളങ്ങി നിൽക്കുന്നതിനിടെ മോണോ ആക്ടിൽ ബി ഗ്രേഡ് മാത്രം കിട്ടിയതാണു കലാതിലകപ്പട്ടം കൈവിട്ടതിനെക്കാൾ അന്നു സങ്കടപ്പെടുത്തിയതെന്നും നവ്യ പറഞ്ഞു. എന്നാൽ, അന്നു ജയിച്ച അമ്പിളി പിന്നീട് അടുത്ത സുഹൃത്തായെന്നും വിവാഹത്തിന് അമ്പിളിയുടെ അമ്മ തനിക്കായി ക്ഷേത്രത്തിൽ വഴിപാടു നടത്തിയെന്നും നവ്യ പറഞ്ഞു.

അന്നത്തെ കരച്ചിൽ പക്ഷേ, ജീവിതത്തിൽ വഴിത്തിരിവായി. കരയുന്ന ചിത്രം പത്രത്തിൽ കണ്ടു കണിയാർകോടു നിന്നു ശിവശങ്കരൻ എന്നു പരിചയപ്പെടുത്തിയ വ്യക്തി പോസ്റ്റ്കാർഡിൽ കത്തയച്ചു. തോൽവിയിൽ തളരരുതെന്നും ആ ചിത്രത്തിൽ തനിക്കു മഞ്ജു വാരിയരെ പോലെ കലോത്സവ വേദിയിൽ നിന്നു സിനിമയിലേക്കു വളർന്ന നടിയെയാണു കാണാൻ കഴിഞ്ഞതെന്നും കുറിച്ചിരുന്നതായി നവ്യ പറഞ്ഞു.

ഒരു ദിവസത്തെ കലാപ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന മാർക്കിനെയോ വിജയത്തെയോ ആശ്രയിച്ചല്ല കലയെ പ്രണയിക്കുന്നവരുടെ ജീവിതം നിർണയിക്കപ്പെടുന്നത്. കലോത്സവത്തിൽ ഗ്രൂപ്പിനത്തിൽ തന്റെ മകൻ മത്സരിക്കുന്നുണ്ടെന്നും അതേ കലോത്സവം ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും നവ്യ പറഞ്ഞു.

English Summary:

Cried for not getting kalathilakam at state youth festival 2001 due to immaturity says Navya Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com