ADVERTISEMENT

ന്യൂഡൽഹി/തിരുവനന്തപുരം ∙ നവകേരള സദസ്സിനു മുഖ്യമന്ത്രി കടന്നുപോകുമ്പോൾ അഭിവാദ്യം ചെയ്യാൻ സ്കൂൾ വിദ്യാർഥികളെ ഒരു മണിക്കൂറോളം പൊരിവെയിലിൽ നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷന്റെയും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെയും ഇടപെടൽ. ദേശീയ കമ്മിഷൻ സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തു. മാധ്യമവാർത്തകളുടെയും സമൂഹമാധ്യമങ്ങളിൽ ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിലാണു നടപടി. എൽപി സ്കൂൾ കുട്ടികളെ പൊരിവെയിലത്തു നിർത്തുന്നതും മുദ്രാവാക്യം വിളിപ്പിക്കുന്നതും ശ്രദ്ധയിൽപെട്ടെന്നു കേരള ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനയച്ച കത്തിൽ പറയുന്നു. 5 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നു നിർദേശിച്ചിട്ടുണ്ട്.

മുസ്‍ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫ് നൽകിയ പരാതി സ്വീകരിച്ച സംസ്ഥാന കമ്മിഷൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, പാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ, സ്കൂൾ അധികൃതർ എന്നിവർക്കു നോട്ടിസയച്ചു. ഇവരുടെ വിശദീകരണം ലഭിച്ചശേഷം തുടർനടപടിയെടുക്കുമെന്ന് അധ്യക്ഷൻ കെ.വി.മനോജ് കുമാർ പറഞ്ഞു. നവകേരള സദസ്സിന് അച്ചടക്കമുള്ള വിദ്യാർഥികളെ എത്തിക്കണമെന്നു മലപ്പുറം തിരൂരങ്ങാടി ഡിഇഒ ഉത്തരവിട്ട സംഭവത്തിലും കമ്മിഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ഡിഡിഇ, തിരൂരങ്ങാടി ഡിഇഒ എന്നിവരിൽനിന്നു കമ്മിഷൻ റിപ്പോർട്ട് തേടി.

ദേശീയ ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ പ്രിയാങ്ക് കനുംഗോയുടെ കത്തിൽ പറയുന്നത്: നവകേരള സദസ്സ് നടക്കുന്ന സ്ഥലങ്ങളിലെല്ലാം കുട്ടികളെ അണിനിരത്തുന്നതായും ചടങ്ങു നടക്കുന്ന സ്ഥലത്ത് ഒഴിവുള്ള കസേരകളിൽ കുട്ടികളെ ഇരുത്തുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാഷ്ട്രീയപ്രചാരണത്തിനു കുട്ടികളെ പങ്കെടുപ്പിക്കുന്ന സംഭവങ്ങൾ കേരളത്തിൽ വർധിച്ചുവരുന്നു. ഇതു കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു.

കണ്ണൂരിലെ ചമ്പാട് എൽപിഎസ്, ചോതാവൂർ ഹൈസ്കൂൾ, ചമ്പാട് വെസ്റ്റ് യുപിഎസ് സ്കൂളുകളിലെ വിദ്യാർഥികളെയാണു തലശ്ശേരിയിൽനിന്നു കൂത്തുപറമ്പിലേക്കുള്ള റോഡരികിൽ സ്കൂൾ അധികൃതർ ഒരു മണിക്കൂറോളം നിർത്തിയത്. സ്കൂൾ സമയത്തു മറ്റു കാര്യങ്ങൾക്കു കുട്ടികളെ ഉപയോഗിക്കരുതെന്നു സർക്കാരിന്റെയും കോടതിയുടെയും നി‍ർദേശമുണ്ട്.

English Summary:

Nava Kerala Sadas: Child Rights Commission investigation into school children made to stand under sun to receive chief minister Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com