നവകേരള ഫണ്ട് നൽകാനുള്ള തീരുമാനം കോന്നി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കും
Mail This Article
കോന്നി ∙ യുഡിഎഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തിൽനിന്ന് നവകേരള സദസ്സിന് ഒരു ലക്ഷം രൂപ വൈകാതെ കൈമാറും. ഇന്നലെ നടന്ന കമ്മിറ്റിയെ തുടർന്ന് പണം നൽകാൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കു നിർദേശം നൽകി.
കഴിഞ്ഞ 10ന് നടന്ന കമ്മിറ്റിയിലാണ് തുക നൽകാൻ തീരുമാനമെടുത്തത്. നവകേരള സദസ്സുമായി സഹകരിക്കേണ്ടെന്ന കെപിസിസി നിർദേശം പാലിക്കാതെയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിയുടെ തീരുമാനമെന്ന് ആരോപണമുയർന്നിരുന്നു. ഇതേതുടർന്ന് വീണ്ടും കമ്മിറ്റി വിളിച്ച് തീരുമാനം പിൻവലിക്കണമെന്ന് ഡിസിസി പ്രസിഡന്റ് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റ് ഇന്നലെ പുനഃപരിശോധന കമ്മിറ്റി വിളിക്കുകയായിരുന്നു.
ഇന്നലത്തെ കമ്മിറ്റിയിൽ യുഡിഎഫ് അംഗങ്ങളായ 5 പേരും വിയോജനക്കുറിപ്പെഴുതി സെക്രട്ടറിക്കു നൽകി. 6-6 ആണ് ബ്ലോക്ക് പഞ്ചായത്ത് കക്ഷിനില. യുഡിഎഫിലെ ഒരംഗം ഇന്നലെ നടന്ന യോഗത്തിലുൾപ്പെടെ പങ്കെടുത്തിരുന്നില്ല. ഫലത്തിൽ യുഡിഎഫ് അഞ്ചും എൽഡിഎഫിന് ആറുമായി കക്ഷിനില. അതിനാൽ ഭൂരിപക്ഷത്തിന്റെ തീരുമാനം നടപ്പാകുകയായിരുന്നെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി പറഞ്ഞു.
ഫണ്ട് കൊടുക്കരുതെന്ന് തൃക്കാക്കര നഗരസഭാധ്യക്ഷ; കൊടുക്കുമെന്ന് സെക്രട്ടറി
കാക്കനാട് ∙ നവകേരള സദസ്സിന് ഫണ്ട് നൽകില്ലെന്ന് തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണി പിള്ളയുടെ നിലപാട് തള്ളി നഗരസഭാ സെക്രട്ടറി. കൗൺസിലിന്റെ അനുമതിയില്ലാതെ ഫണ്ട് നൽകരുതെന്ന കത്ത് അധ്യക്ഷ ഇന്നലെ സെക്രട്ടറിക്കു നൽകി. സർക്കാർ ഉത്തരവാണെന്നും ഫണ്ട് നൽകുമെന്നും സെക്രട്ടറി അധ്യക്ഷയെ അറിയിച്ചു. രണ്ടു ദിവസം മുൻപ് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ച സെക്രട്ടറി പി.എൻ.പ്രസാദ് ഇന്നോ തിങ്കളാഴ്ചയോ പുതിയ സെക്രട്ടറിക്ക് പദവി കൈമാറും മുൻപ് നവകേരള സദസ്സിനുള്ള ഫണ്ട് നൽകുമെന്നാണ് സൂചന. നവ കേരള സദസ്സുമായി ബന്ധപ്പെട്ട ചെലവിലേക്കു പണം ആവശ്യപ്പെട്ടു ജില്ലാ ഭരണകൂടം സെക്രട്ടറിക്ക് കത്തു നൽകിയിട്ടുണ്ട്.