കളമശേരി കുസാറ്റിൽ തിക്കിലും തിരക്കിലും 4 യുവാക്കൾക്ക് ദാരുണാന്ത്യം; 4 പേരുടെ നില ഗുരുതരം
Mail This Article
കൊച്ചി ∙ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു 4 യുവാക്കൾക്കു ദാരുണാന്ത്യം. ഇതിൽ 3 പേർ എൻജിനീയറിങ് വിദ്യാർഥികളാണ്. 66 പേർക്കു പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമാണ്.
സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ.എം.തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ കെ.ജി.റോയിയുടെ മകൾ ആൻ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസിക്കുന്ന വയലപ്പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (20), ഇലക്ട്രിഷ്യനായ, പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ ജോസഫിന്റെ മകൻ ആൽബിൻ ജോസഫ് (23) എന്നിവരാണു മരിച്ചത്.
ആശുപത്രിയിലെത്തിക്കുമ്പോൾതന്നെ 4 പേരും മരിച്ചിരുന്നെന്ന് അധികൃതർ പറഞ്ഞു. ഗുരുതരനിലയിലുള്ളവരിൽ 2 പേർ മെഡിക്കൽ കോളജ് ആശുപത്രിയിലും കായംകുളം സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ശ്വേത എന്നിവർ ആസ്റ്റർ മെഡ്സിറ്റിയിലുമാണ്.
46 പേരെ കളമശേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും 16 പേരെ പത്തടിപ്പാലം കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറേമുക്കാലിനാണു നാടിനെ നടുക്കിയ ദുരന്തം.
ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യയ്ക്ക് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കയറാനെത്തിയവരാണു തിക്കിലും തിരക്കിലുംപെട്ടത്. ഏഴു മണിക്കാണു ഗാനമേള തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. ഇതിനായി സംഘാടകസമിതി നൽകിയ കറുത്ത ടീഷർട്ടിട്ട കുറച്ചുപേരെ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിച്ചിരുന്നു.
ധാരാളം വിദ്യാർഥികൾ ഇതേസമയം പുറത്തു തടിച്ചുകൂടി. ഇതിനിടെ മഴപെയ്തതോടെ വിദ്യാർഥികളുടെ തള്ളലിൽ ഗേറ്റ് തുറന്നപ്പോൾ പലരും വീണു. ഗേറ്റു തുറക്കുന്നതു താഴേക്കു കുത്തനെയുള്ള പടികളിലേക്കായതിനാൽ തിക്കിലും തിരക്കിലും കൂടുതൽ പേർ വീണു. വീണവരെ ചവിട്ടി പിന്നിലുള്ളവരും വീണതോടെ സ്ഥിതി ഗുരുതരമായി. തലയടിച്ചാണു പലരും വീണത്.
സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ തന്നെ ആറായിരത്തോളം വിദ്യാർഥികളുണ്ട്. സെലിബ്രിറ്റി ഗായികയായതിനാൽ പുറത്തുനിന്നും ജനമെത്തി. നവകേരള യാത്രയിലുള്ള മന്ത്രി പി.രാജീവും ആർ.ബിന്ദുവും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കളമശേരിയിലെത്തി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ഷാഫി പറമ്പിൽ, അൻവർ സാദത്ത്, എഡിജിപി എം.ആർ.അജിത്കുമാർ, കുസാറ്റ് വിസി പി.ജി.ശങ്കരൻ തുടങ്ങിയവർ ആശുപത്രിയിലേക്ക് ഓടിയെത്തി. സംഭവം നടക്കുമ്പോൾ 6 പൊലീസുകാർ മാത്രമാണു സ്ഥലത്തുണ്ടായിരുന്നത്.
കലൂർ സ്റ്റേഡിയത്തിൽ ഐഎസ്എൽ മത്സരമുള്ളതിനാൽ പൊലീസുകാരിൽ ഭൂരിപക്ഷവും അവിടെ ഡ്യൂട്ടിയിലായിരുന്നു. മെഡിക്കൽ കോളജിലെ ഡോക്ടർമാരെ തിരികെ വിളിച്ചു. എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കുമെന്നു കലക്ടർ എൻ.എസ്.കെ.ഉമേഷ് പറഞ്ഞു.