ADVERTISEMENT

കൊച്ചി ∙ ‘എടുത്തെറിഞ്ഞപോലെ ദേഹത്തേക്കു കുട്ടികൾ വന്നുവീണു. ഒപ്പം നിലവിളിയും അലർച്ചകളും. തള്ളരുതെന്നു പലരും വിളിച്ചുപറഞ്ഞെങ്കിലും വലിയ ബഹളത്തിൽ മുങ്ങിപ്പോയി. പിന്നിൽ നിന്നുള്ള തള്ളലിന്റെ ശക്തിയിൽ കുട്ടികളിലേറെയും പടികളിൽ നിന്നു താഴേക്ക് അലച്ചുവീഴുകയായിരുന്നു. പലരും തലയടിച്ചാണു വീണത്. കൈവരികളുടെ മുകളിലൂടെ താഴേക്കു മറിഞ്ഞു വീണവരുമുണ്ട്. പിന്നിൽ നിന്നെത്തിയവരും രക്ഷപ്പെടാൻ ശ്രമിച്ചവരും നിലത്തുകിടക്കുന്നവരെ ചവിട്ടിവീഴുന്നുണ്ടായിരുന്നു. വീണവരുടെയും പടികളുടെയും ഇടയിൽ എന്റെ കാലുകളും ദേഹവുംപെട്ടുപോയി. ഭാഗ്യത്തിനു തല അടിയിൽപെട്ടില്ല. മുഖം ഉയർത്താനായതിനാൽ ശ്വസിക്കാൻ കഴിഞ്ഞു. തൊട്ടടുത്തു പലരും ശ്വാസം മുട്ടിപ്പിടയുന്നുണ്ടായിരുന്നു. പത്തുമിനിറ്റോളം അങ്ങനെ കിടന്നശേഷമാണു രക്ഷിക്കാൻ ആളെത്തിയത്’ – മാനന്തവാടി സ്വദേശി അദ്വൈത് പറഞ്ഞു. 

അദ്വൈതിന്റെ വലത്തേ കാലിൽ മൂന്നിടത്താണ് ഒടിവ്. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തൊട്ടടുത്ത ബെഡിൽ അദ്വൈതിന്റെ സഹപാഠിയും എംഎസ്‌സി ഇലക്ട്രോണിക്സ് വിദ്യാർഥിയുമായ മുഹമ്മദ് റെയ്സലാണ്. റെയ്സലിന്റെ വലതുകയ്യും വലതുകാലും ഒടിഞ്ഞു. അപകടം നടക്കുമ്പോൾ താനും റെയ്സലും ഓഡിറ്റോറിയത്തിലേക്കു കടക്കുന്ന ഗേറ്റിനരികെയുള്ള പടികളുടെ ഏതാണ്ട് മധ്യഭാഗത്ത് നിൽക്കുകയായിരുന്നുവെന്നു അദ്വൈത് പറയുന്നു. തുടർന്നാണു ശക്തമായ തള്ളലുണ്ടായതും കുട്ടികൾ പടിക്കെട്ടിനുമുകളിലേക്കു തെറിച്ചുവീണതും. 

മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള വിദ്യാർഥി കാസർകോട് നീലീശ്വരം സ്വദേശി അഭിനവും വീഴ്ചയിൽ കുട്ടികൾക്കടിയിൽപ്പെട്ടെങ്കിലും മുഖം മൂടിപ്പോകാതിരുന്നതിനാൽ രക്ഷപ്പെട്ട ആശ്വാസത്തിലാണ്. എന്നാൽ, നടുവിനു ചവിട്ടേറ്റതിനാൽ ചതവുണ്ട്. ബെൽറ്റ് ഇട്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലാണു താനുൾപ്പെടെ ഒട്ടേറെ കുട്ടികളെ പുറത്തെടുത്തത്. ആസ്‌മയുള്ളതിനാൽ ശ്വാസം നിലച്ചുപോകുമോ എന്നു ഭയന്നെന്നും അഭിനവ് പറഞ്ഞു. 

മെഡിക്കൽ കോളജിൽ ശനിയാഴ്ച രാത്രി പ്രവേശിപ്പിച്ച വിദ്യാർഥികളിൽ ഭൂരിഭാഗവും ഓർത്തോവിഭാഗത്തിൽ ചികിത്സയിലാണ്. എല്ലുകൾക്ക് ഒടിവ്, പൊട്ടൽ, ചതവ് എന്നിവ തുടങ്ങി തലയിലും ദേഹത്തും സാരമായ പരുക്കേറ്റവർ വരെ കൂട്ടത്തിലുണ്ട്. അപകടത്തിന്റെ ആഘാതത്തിൽ കഴിയുന്ന വിദ്യാർഥികൾക്ക് കൗൺസലിങ് നൽകുന്നുണ്ട്. വിദൂരസ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾ ഇന്നലെ വൈകിട്ടോടെയാണ് ആശുപത്രിയിലെത്തിയത്. ഇതരസംസ്ഥാനക്കാരായ വിദ്യാർഥികളും പരുക്കേറ്റവരിലുണ്ട്.

CUSAT Tragedy:

Face to face with death says survivors in Cusat stampede

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com