നവകേരള ബസിന് ജങ്കാറിൽ കായൽയാത്ര; ട്രയൽ റൺ വിജയം
Mail This Article
പൂച്ചാക്കൽ (ആലപ്പുഴ)∙ നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കോട്ടയത്തു നിന്ന് ആലപ്പുഴ ജില്ലയിലേക്കു ജങ്കാറിൽ കൊണ്ടുവരാനുള്ള ട്രയൽ റൺ വിജയകരമായി നടത്തി. വൈക്കം ഫെറിയിൽ നിന്നു കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസ് ജങ്കാറിൽ കയറ്റി തവണക്കടവിൽ എത്തിച്ചായിരുന്നു പരിശോധന.
പൊലീസ്, റവന്യു ഉദ്യോഗസ്ഥർ, വൈക്കം, ചേർത്തല സബ് ഓഫിസുകളിൽ നിന്നുള്ള മോട്ടർവാഹന ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംഘം നേതൃത്വം നൽകി. ജങ്കാറിൽ ബസ് കയറുമോ, ഭാരം താങ്ങുമോ, ജെട്ടികളിൽ നിന്നു ജങ്കാറിലേക്ക് ബസ് കയറുമ്പോഴും ഇറങ്ങുമ്പോഴും അടിത്തട്ട് ഇടിക്കുമോ തുടങ്ങിയ കാര്യങ്ങളാണു പരിശോധിച്ചത്. വൈകിട്ട് നാലിനു നടത്തിയ ട്രയൽ റൺ കാണാൻ ഏറെപ്പേർ എത്തിയിരുന്നു.
ജലനിരപ്പ് നിർണായകം
നവകേരള ബസ് വേമ്പനാട്ട് കായലിലൂടെ ആലപ്പുഴ തീരത്തെത്തുന്ന ഡിസംബർ 14ന് ജലനിരപ്പ് നിർണായകമാകുമെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി. കായലിൽ അന്നത്തെ വെള്ളത്തിന്റെ ഏറ്റവും ഇറക്കവും പോലെയായിരിക്കും ബസ് കയറ്റുന്നതും ഇറക്കുന്നതും. ഇന്നലത്തെ പരിശോധനയുടെ വിവരങ്ങൾ മോട്ടർവാഹന വകുപ്പ്, പൊലീസ്, റവന്യു വിഭാഗങ്ങൾ സമർപ്പിക്കും. ഇതു വിലയിരുത്തിയാകും അന്തിമ തീരുമാനം. ജങ്കാറിന്റെ കാര്യക്ഷമതയെപ്പറ്റി പോർട്ട് വിഭാഗവും റിപ്പോർട്ട് നൽകും. ജങ്കാർ യാത്ര അല്ലെങ്കിൽ വൈക്കത്തു നിന്നു തണ്ണീർമുക്കം ബണ്ട് വഴിയുള്ള റോഡ് യാത്രയാകും പരിഗണിക്കുക.
റോഡ് യാത്രാ പരിശോധനയും
പാണാവള്ളിയിലെ തൃച്ചാറ്റുകുളം ക്ഷേത്രമൈതാനത്തിലാണ് അരൂർ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്നത്. ചേർത്തലയിൽ നിന്നെത്തിച്ച മറ്റൊരു ലോ ഫ്ലോർ ബസ് തവണക്കടവിൽ നിന്ന് തൃച്ചാറ്റുകുളം വരെ ഓടിച്ച് റോഡ് പരിശോധനയും നടത്തി. ഈ ബസും ജങ്കാറിൽ കയറ്റി നോക്കി.
ട്രയൽ റൺ ബസും പണിമുടക്കി!
വൈക്കത്തു നിന്നെത്തിച്ച കെഎസ്ആർടിസി ലോ ഫ്ലോർ ബസ് ട്രയൽ റണ്ണിനു പിന്നാലെ തകരാറിലായി. ജങ്കാറിൽ തവണക്കടവിലെത്തിച്ചുള്ള ട്രയൽ റണ്ണിനു ശേഷം തിരികെ ബസ് കൊണ്ടുപോയെങ്കിലും വൈക്കത്ത് ഇറക്കാനായില്ല. ബ്രേക് ഡൗൺ ആയതാണു കാരണം. തുടർന്ന് ബസ് അതേ ജങ്കാറിൽ വീണ്ടും തവണക്കടവിലേക്കു കൊണ്ടുവന്നു. ഇവിടെ എങ്ങനെയെങ്കിലും ഇറക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ അതിനിടെ ജീവനക്കാർ ചേർന്നു തകരാർ പരിഹരിച്ച് അതേ ജങ്കാറിൽ ബസ് വീണ്ടും വൈക്കത്ത് ഇറക്കി.