കുസാറ്റ് അപകടം: സംഘാടക വീഴ്ചയെന്ന് പൊലീസ്
Mail This Article
കൊച്ചി ∙ അപകടത്തിൽ സംഘാടകരുടെ വീഴ്ച വ്യക്തമെന്നു പൊലീസ് പറഞ്ഞു. തിക്കുംതിരക്കും ഉണ്ടാകാൻ കാരണം പെട്ടെന്നു പെയ്ത മഴയാണെന്നാണ് കുസാറ്റ് അധികൃതരുടെ വാദം. എന്നാൽ അപ്പോൾ മഴ പെയ്തില്ലെന്നും പൊലീസ് ചൂണ്ടാക്കാട്ടി. രണ്ടായിരത്തോളം കാണികളെ പ്രതീക്ഷിച്ച സംഘാടകർ മതിയായ നിയന്ത്രണം ഒരുക്കിയില്ല. പൊലീസിനെ രേഖാമൂലം അറിയിക്കുകയോ സഹായം തേടുകയോ ചെയ്തില്ലെന്നതാണ് ഏറ്റവും ഗുരുതരമായ വീഴ്ച.
അടിയന്തര ഒഴിപ്പിക്കലിനുള്ള സംവിധാനം ഇല്ലായിരുന്നു. അകത്തേക്കും പുറത്തേക്കും പോകാൻ ഒരു ഗേറ്റ് തുറന്നിട്ട ശേഷം വശങ്ങളിലുണ്ടായിരുന്ന 2 കവാടങ്ങൾ അടച്ചിട്ടു. ഇതു തടസ്സമായി. തുറന്ന ഗേറ്റിനു പിന്നിലുള്ളവരെ നീക്കിയശേഷമാണു പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായത്. ആദ്യഘട്ട രക്ഷാപ്രവർത്തനം സംഭവത്തിനു 15 മിനിറ്റിനു ശേഷമാണ് നടന്നത്.
വിദ്യാർഥികൾക്കു പുറമെ പുറത്തുനിന്നുള്ളവർക്കു കൂടി സംഗീത പരിപാടിക്കെത്താൻ അനുമതി നൽകിയതാണ് മറ്റൊരു വലിയ വീഴ്ച. പരിപാടിക്കെത്തിയവർ ആരാണെന്നോ ഏതു പശ്ചാത്തലത്തിൽനിന്നുള്ളവരാണെന്നോ സംഘാടകർക്ക് അറിയില്ലായിരുന്നെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു.
തിരക്കേറെയുള്ള പരിപാടികൾ തുടങ്ങുന്നതിനു വളരെസമയം മുൻപേ ഘട്ടംഘട്ടമായി ആളെക്കയറ്റിയിരുത്തുന്നതാണു പതിവ്. തിക്കുംതിരക്കും ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ, കുസാറ്റിൽ പരിപാടി തുടങ്ങാൻ വളരെക്കുറച്ചു സമയം ബാക്കിയുള്ളപ്പോഴാണു തിങ്ങിക്കൂടി നിന്ന കുട്ടികൾക്കു മുന്നിലേക്ക് ഒരു ഗേറ്റ് തുറന്ന്, സംഘാടകർ നൽകിയ ടീഷർട്ട് അണിഞ്ഞവരെ മാത്രം അകത്തേക്കു കടത്താൻ ശ്രമിച്ചത്. ഇതോടെ പരിപാടി തുടങ്ങുകയാണെന്നു തെറ്റിദ്ധരിച്ചു പിന്നിൽ നിന്നു തിരക്കുണ്ടായതാണ് അപകടത്തിന്റെ പ്രധാന കാരണം. പരിപാടി വൈകുമെന്നു സംഘാടകർ അറിയിപ്പു നൽകിയിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നാണു വിദ്യാർഥികൾ പറയുന്നത്.