മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം
Mail This Article
മലപ്പുറം ∙ നവകേരള സദസ്സിന്റെ ജില്ലയിലെ ആദ്യ ദിനം മുഖ്യമന്ത്രിക്കു നേരെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ ലാത്തിയടിയേറ്റ് കോൺഗ്രസ് തിരൂർ മണ്ഡലം പ്രസിഡന്റ് വിജയൻ ചെമ്പഞ്ചേരിയുടെ കൈക്ക് പരുക്കേറ്റു. അദ്ദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ഉൾപ്പെടെ ഇരുപതോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ തലക്കാട് മുഖ്യമന്ത്രിക്കു കരിങ്കൊടി കാണിച്ച പ്രവർത്തകരെ പിന്നാലെ വന്ന അകമ്പടി വാഹനം ഇടിക്കാൻ ശ്രമിച്ചുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് വി.കെ.സിദ്ധിഖിനെ അറസ്റ്റ് ചെയ്തു. തിരൂരിൽ കരിങ്കൊടി കാണിച്ചവർക്കെതിരെ പിന്നിൽ വന്ന അകമ്പടി വാഹനത്തിലുണ്ടായിരുന്ന പൊലീസ് ലാത്തി വീശി.