ADVERTISEMENT

ചാവക്കാട് (തൃശൂർ) ∙ ബ്ലാങ്ങാട് ബീച്ചിൽ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിജ് തകർന്നു. ബ്രിജിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കടലിലൊഴുകിയ ഫ്ലോട്ടിങ് ബ്രിജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണു സംഭവം. 

നൂറു മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിങ് ബ്രിജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം ഭാഗമാണ് വേർപെട്ടത്. 2 സഞ്ചാരികളും 6 ജീവനക്കാരുമാണ് ആ സമയത്ത് ബ്രിജിലുണ്ടായിരുന്നത്.

ഒരു സഞ്ചാരി വെള്ളത്തിൽ വീണെങ്കിലും മറ്റുള്ളവർ രക്ഷപ്പെടുത്തി. ശക്തമായ തിരയിൽ ഇളകിപ്പോയ ഭാഗം ഏറെ പണിപ്പെട്ട് കഷണങ്ങളാക്കി തീരത്തേക്ക് കയറ്റി. അവധി ദിവസമല്ലാത്തതിനാൽ സന്ദർശകരുടെ തിരക്കില്ലായിരുന്നു. ഒക്ടോബർ ഒന്നിനാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്തത്. 

തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കാൻ ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ ആവിഷ്കരിച്ച പദ്ധതിയിൽ ബീച്ച് ബ്രദേഴ്സ് ചാവക്കാട് (ബിബിസി) എന്ന സ്വകാര്യ കമ്പനിയാണ് ഫ്ലോട്ടിങ് ബ്രിജ് സ്ഥാപിച്ചു പ്രവർത്തിപ്പിക്കുന്നത്. 80 ലക്ഷം രൂപ നിർമാണച്ചെലവായെന്നു പറയുന്നു. ഒരേ സമയം നൂറ് പേർക്ക് ബ്രിജിൽ പ്രവേശിക്കാവുന്ന രീതിയിലാണ് രൂപകൽപന. 100 മീറ്റർ കടലിലേക്ക് പാലത്തിലൂടെ നടക്കാവുന്ന വിധമാണിത്. തിരയ്ക്കനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന  പാലത്തിൽ ഒരാൾക്ക് 120 രൂപയാണ് പ്രവേശന ഫീസ്.

ഉദ്ഘാടനം ‘വെള്ളത്തിൽ’; ആദ്യയാത്രയിൽ ചങ്ങാടം മറിഞ്ഞു

കരുവാറ്റ ∙ ഉദ്ഘാടന യാത്രയിൽ ചങ്ങാടം മറിഞ്ഞു; കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും തോട്ടിൽ വീണു. എല്ലാവരും പരുക്കില്ലാതെ രക്ഷപ്പെട്ടു. കരുവാറ്റ ചെമ്പുതോട്ടിലെ കടവിൽ ഇന്നലെ രാവിലെയാണു സംഭവം.

തോടിന്റെ ഒരു കര പഞ്ചായത്ത് പ്രസിഡന്റിന്റെയും മറുകര വൈസ് പ്രസിഡന്റിന്റെയും വാർഡാണ്. നാട്ടുകാർക്ക് അക്കരെയിക്കരെ പോകാൻ നിർമിച്ച ചെറിയ ചങ്ങാടം പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷിന്റെ 14–ാം വാർഡിലെ കടത്തുകടവിൽ പ്രസിഡന്റ് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റ് ടി.പൊന്നമ്മയും അക്കരയ്ക്കു ചങ്ങാടത്തിൽ പോയി. വൈസ് പ്രസിഡന്റിന്റെ 13–ാം വാർഡിലെ കടവിൽ വൈസ് പ്രസിഡന്റും ഉദ്ഘാടനം ചെയ്തു. തുടർന്ന് ഏതാനും നാട്ടുകാർ കൂടി കയറി തിരികെ നീങ്ങുമ്പോൾ ചങ്ങാടം തലകീഴായി മറിയുകയായിരുന്നു.

യാത്രക്കാരെല്ലാം ചങ്ങാടത്തിന്റെ അടിയിലായി. കരയിലുണ്ടായിരുന്നവർ ബഹളം വച്ചു. ചിലർ തോട്ടിലിറങ്ങി രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. ചങ്ങാടത്തിന്റെ വശങ്ങളിൽ കമ്പി വേലിയുണ്ടായിരുന്നതിനാൽ എല്ലാവരും അതിനുള്ളിൽ അകപ്പെട്ടിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും മൊബൈൽ ഫോണുകൾ തോട്ടിൽ വീണു. ഇവ പിന്നീടു നാട്ടുകാർ കണ്ടെത്തി. നീന്തൽ അറിയാവുന്നവരായതിനാലും അധികം വെള്ളവും ഒഴുക്കുമില്ലാത്തതിനാലുമാണ് എല്ലാവരും രക്ഷപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു. കുട്ടികൾ ചങ്ങാടത്തിൽ കയറാതിരുന്നതും രക്ഷയായി. നാട്ടുകാർ പിന്നീട് ചങ്ങാടം ഉയർത്തി. അപകടത്തിനു ശേഷം ചങ്ങാടം ഉപയോഗിക്കുന്നതു നിർത്തിവച്ചു.

നാലു വീപ്പകളിൽ പ്ലാറ്റ്ഫോം ഉണ്ടാക്കി നിർമിച്ച ചങ്ങാടത്തിൽ കെട്ടിയ കയർ വലിച്ചാണ് അക്കരെയിക്കരെ പോകുന്നത്.

English Summary:

Chavakkad floating bridge collapsed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com