ADVERTISEMENT

കൊച്ചി ∙ മരണത്തെ മുഖാമുഖം കണ്ട ദുരന്തത്തിൽ നിന്ന് അവർ ജീവിതത്തിന്റെ കരയിലേക്കു മടങ്ങിയെത്തുന്നു. ശനിയാഴ്ച വൈകിട്ട് കുസാറ്റിലുണ്ടായ തിക്കിലും തിരക്കിലും ഗുരുതരമായി പരുക്കേറ്റ് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനികളുടെ ആരോഗ്യനില മെച്ചപ്പെട്ടു. തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് ഇരുവരെയും മുറികളിലേക്കു മാറ്റി. കുറച്ചു ദിവസം കൂടി ചികിത്സ തുടരും.

അങ്കമാലി എസ്‌സിഎംഎസ് കോളജ് വിദ്യാർഥിനി മലപ്പുറം സ്വദേശി ഷേബ, കുസാറ്റിലെ മൂന്നാം സെമസ്റ്റർ ഇലക്ട്രോണിക്സ് വിദ്യാർഥിനി ആലപ്പുഴ സ്വദേശി ഗീതാഞ്ജലി വിനോദ് എന്നിവരെയാണു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇരുവർക്കും ചവിട്ടേറ്റ് ശ്വാസകോശത്തിലും കരളിലും ഗുരുതര പരുക്കേറ്റിരുന്നു. 48 മണിക്കൂർ വെന്റിലേറ്റർ പിന്തുണ ഉറപ്പാക്കിയായിരുന്നു ചികിത്സ. ഇരുവരുടെയും കണ്ണുകളുടെ ചുവപ്പ് പൂർണമായും വിട്ടുമാറിയിട്ടില്ല.

ഗീതാഞ്ജലി 3 ദിവസത്തിനുള്ളിലും ഷേബ ഒരാഴ്ചയ്ക്കുള്ളിലും ആശുപത്രി വിട്ടേക്കും. എങ്കിലും വീട്ടിൽ വിശ്രമം വേണ്ടി വരും. ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോ സർജൻമാരായ ഡോ. ദിലീപ് പണിക്കർ, ഡോ. ഷിജോയ് പി. ജോഷ്വ, ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റ് ഡോ. സുരേഷ് ജി. നായർ, അനസ്തീസിയോളജി സീനിയർ കൺസൽറ്റന്റ് ‍ഡോ. ടി. ജിതേന്ദ്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഇവരുൾപ്പെടെ 7 പേരാണു ദുരന്തത്തിൽ പരുക്കേറ്റു നിലവിൽ ചികിത്സയിലുള്ളത്. 2 പേർ എറണാകുളം ഗവ. മെഡിക്കൽ കോളജിലും 2 പേർ കിൻഡർ ആശുപത്രിയിലും ഒരാൾ രാജഗിരി ആശുപത്രിയിലും ചികിത്സയിലുണ്ട്.

English Summary:

Cusat tragedy: Condition of girl students under treatment improved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com