‘അവരാണെന്ന് ഞാൻ അറിഞ്ഞില്ല; ഓട്ടം വിളിച്ചത് ആശ്രാമത്തേക്ക്’
Mail This Article
കൊല്ലം∙ ‘ഭക്ഷണം കഴിച്ച ശേഷം സ്റ്റാൻഡിലേക്ക് വരുമ്പോഴാണ് ലിങ്ക് റോഡിൽ വെയിലത്തു നിന്ന് അമ്മയുടെ മകളും ഓട്ടോയ്ക്ക് കൈ കാണിച്ചതെന്ന് ഓട്ടോ ഡ്രൈവർ സജീവൻ. ആശ്രാമത്ത് പോകണം എന്നാണ് പറഞ്ഞ്. ലിങ്ക് റോഡ് അവസാനിക്കാറായപ്പോൾ എങ്ങോട്ട് പോകണമെന്ന് വീണ്ടും ചോദിച്ചു. ജില്ലാ വ്യവസായ കേന്ദ്രം വഴി മുന്നോട്ടു പോയി.
കുറച്ചു മുന്നോട്ട് പോയപ്പോൾ ഓട്ടോ നിർത്താൻ പറഞ്ഞു. മൈതാനത്തിനു ചുറ്റും ബാരിക്കേഡ് ആണ്. അവർ നിർത്താൻ പറഞ്ഞ സ്ഥലത്തുകൂടി അകത്തേക്ക് കടക്കാനാകില്ലെന്ന് ഞാൻ പറഞ്ഞു. ബാറിനു മുന്നിലുള്ള സ്ഥലത്തുകൂടി മൈതാനത്തേക്ക് കടക്കാൻ ഇടമുണ്ട്. അവിടെയാണ് ഓട്ടോ നിർത്തിയത്. കൂലിയായി 40 രൂപ തന്നു. കുഞ്ഞിനു വലിയ ക്ഷീണം ഉണ്ടായിരുന്നു. നിരങ്ങിയാണ് ഓട്ടോയിൽ നിന്നിറങ്ങിയത്. തിരികെ സ്റ്റാൻഡിൽ എത്തി.
രണ്ട് ഓട്ടം കഴിഞ്ഞപ്പോഴാണ്, കുട്ടിയെ ആശ്രാമം മൈതാനത്തു നിന്നു കിട്ടിയെന്നു വീട്ടിൽ നിന്നു വിളിച്ചത്. അപ്പോഴാണ് തന്റെ ഓട്ടോയിൽ കയറിയത് അവരാണെന്ന് മനസ്സിലാവുന്നത്. പൊലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ പറഞ്ഞു. സ്ത്രീ ചുരിദാർ ആണ് ധരിച്ചിരുന്നത്. വെള്ള ഷാൾ തലയിലൂടെ ഇട്ടിരുന്നു. –പനയം സ്വദേശിയായ സജീവൻ പറഞ്ഞു.