ആശങ്കയുടെ 21 മണിക്കൂർ; രാത്രി കഴിഞ്ഞത് പാരിപ്പള്ളിയിൽ?
Mail This Article
നവംബർ 27
∙ വൈകിട്ട് 4.20: വെളുത്ത കാറിൽ എത്തിയ നാലംഗ സംഘം കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജി ജോണിന്റെ മകൾ അബിഗേലിനെ തട്ടിക്കൊണ്ടുപോയി.
∙ 4.25: റെജിയുടെ അയൽവാസിയും റിട്ട. എസ്ഐയുമായ ഷാജഹാൻ പൊലീസിൽ വിവരം അറിയിക്കുന്നു. നാട്ടുകാർ സ്വന്തം നിലയ്ക്ക് അന്വേഷണം തുടങ്ങുന്നു
∙ 6.00: ടിവി ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും തത്സമയ സംപ്രേഷണം ആരംഭിച്ചതോടെ ഉന്നത ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെടുന്നു.
∙ രാത്രി 7.35: കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീയും പുരുഷനും പാരിപ്പള്ളി കിഴക്കനേല സ്കൂളിനു സമീപത്തെ കടയിലെത്തി സാധനങ്ങൾ വാങ്ങുന്നു. കടയുടമയായ സ്ത്രീയുടെ ഫോൺ വാങ്ങി അബിഗേലിന്റെ അമ്മയെ വിളിക്കുന്നു.
∙ 7.50: മോചനദ്രവ്യമായി 5 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന വിവരം പുറത്ത്
∙ 8.00: ആര്യങ്കാവ് അതിർത്തി ഉൾപ്പെടെ എല്ലാ പ്രധാന റോഡുകളിലും പൊലീസ് പരിശോധന, ഒപ്പം സിസി ടിവി ദൃശ്യങ്ങളും ശേഖരിക്കുന്നു
∙ 8.15: ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിൽ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഉന്നതതല യോഗം.
∙ 9 മണിക്ക് ശേഷം: മോചനദ്രവ്യമായി 10 ലക്ഷം ആവശ്യപ്പെട്ട് രണ്ടാം സന്ദേശം. പണം തന്നാൽ കുട്ടിയെ രാവിലെ 10നു മോചിപ്പിക്കാമെന്നും സ്ത്രീയുടെ സന്ദേശം.
∙ 9.30: ചാത്തന്നൂർ, പരവൂർ, വേളമാനൂർ, പാരിപ്പള്ളി, കിഴക്കനേല ഭാഗങ്ങളിൽ പൊലീസ് പരിശോധന
നവംബർ 28
∙ പുലർച്ചെ 12.15: അബിഗേലിന്റെ പിതാവ് റെജി ഐജി സ്പർജൻകുമാറിനെയും ഡിഐജി നിശാന്തിനിയെയും കാണാൻ പൂയപ്പള്ളി സ്റ്റേഷനിൽ എത്തുന്നു.
∙ 1.45: മൊഴി നൽകിയ ശേഷം റെജി പൊട്ടിക്കരഞ്ഞു പുറത്തേക്കു വരുന്നു.
∙ 3.20: തട്ടിക്കൊണ്ടുപോയ സംഘത്തിലെ പുരുഷന്മാരിൽ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിടുന്നു.
∙ നവംബർ 28 രാവിലെ 11.45: എഡിജിപി അജിത് കുമാർ പൂയപ്പള്ളി സ്റ്റേഷനിൽ
∙ 12.00: പൊലീസിന്റെ തിരച്ചിൽ നാലുപാടും തുടരുന്നു
∙ ഉച്ചയ്ക്ക് 1.15: അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നു.
∙ 1.30: അബിഗേലിനെ ഈസ്റ്റ് പൊലീസ് കൂട്ടിക്കൊണ്ടുവരുന്നു
∙ 1.40: കുട്ടിയെ എആർ ക്യാംപിലേക്കു മാറ്റുന്നു
രാത്രി കഴിഞ്ഞത് പാരിപ്പള്ളിയിൽ?
കൊല്ലം ∙ തട്ടിക്കൊണ്ടുപോയവർ അബിഗേലിനെ രാത്രി പാർപ്പിച്ചതു പാരിപ്പള്ളിക്കടുത്തുള്ള ഏതോ വീട്ടിലാണെന്നു സംശയം. തിങ്കളാഴ്ച വൈകിട്ടു പാരിപ്പള്ളിക്കും കുളമടയ്ക്കും ഇടയിലുള്ള കിഴക്കേനേലയിലെ കടയിൽ ഇവരെത്തുകയും അബിഗേലിന്റെ അമ്മ സിജിയെ വിളിക്കാൻ കടയുടമയുടെ ഫോൺ വാങ്ങുകയും ചെയ്തിരുന്നു. അതിനാൽ സംഘം പാരിപ്പള്ളി മേഖലയിൽ താമസിക്കുന്നവരോ ഈ മേഖലയിലെ ആരെങ്കിലുമായി ബന്ധമുള്ളവരോ ആകാമെന്നാണു നിഗമനം.
അവിടെ നിന്നു റസ്ക്, ബിസ്കറ്റ്, തേങ്ങ എന്നിവ വാങ്ങിയാണ് ഇവർ മടങ്ങിയത്. റസ്കും ബിസ്കറ്റും അബിഗേലിനു നൽകാനായിരിക്കണമെന്നു പൊലീസ് പറയുന്നു. ദിവസങ്ങളായി ഇവിടെ താമസിച്ചാകണം തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്. കുട്ടിയുമായി ഓട്ടുമലയിൽ നിന്നു നാലംഗ സംഘം കാറിൽ ഓയൂർ, മരുതമൺപള്ളി ഭാഗത്തക്കാണു വന്നത്. തട്ടിക്കൊണ്ടുപോകൽ വാർത്ത പരക്കും മുൻപു സംഘം താവളത്തിൽ എത്തിയിരുന്നുവെന്നും കരുതാം.