പരിശോധന റൂറലിൽ; പ്രതികൾ നഗരത്തിൽ; കണ്ണടച്ച് പൊലീസ് സിസിടിവികൾ: ‘വ്യാജ നമ്പറിനു’ പിന്നാലെ പോയി സമയം കളഞ്ഞു
Mail This Article
ഓയൂർ ∙ എ.ഹേമചന്ദ്രൻ ഡിജിപി ആയിരുന്ന കാലത്തു സ്ഥാപിച്ച സിസിടിവി ക്യാമറകൾ പലയിടങ്ങളിലും കണ്ണടച്ചത് അന്വേഷണം വൈകിപ്പിച്ചു. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സ്ഥാപിച്ചിരുന്ന സിസിടിവികളെ അന്വേഷണ സംഘത്തിന് ആശ്രയിക്കേണ്ടിവന്നു. ഈ ദൃശ്യങ്ങൾ കിട്ടിയതാകട്ടെ മണിക്കൂറുകൾക്കു ശേഷവും. ഒരു കാറിനെ കേന്ദ്രീകരിച്ചു മാത്രമായിരുന്നു അന്വേഷണം.
കുറ്റകൃത്യം നടത്തുമ്പോൾ യഥാർഥ നമ്പർ പ്ലേറ്റുമായി കുറ്റവാളി സംഘം സഞ്ചരിക്കില്ലെന്നതു മറന്ന് ആ നമ്പരിനു പിന്നാലെ പോയി ഏറെ സമയം കളഞ്ഞു. കൊല്ലം നഗരത്തിലെ പരിശോധന കുറച്ചതു കാരണമാകാം പ്രതികൾ കുട്ടിയുമായി ആശ്രാമം മൈതാനത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. റൂറൽ മേഖലയിലായിരുന്നു ശക്തമായ അന്വേഷണം.
സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും മികച്ച ഇടപെടൽ: കോൺഗ്രസ്
കൊല്ലം ∙ അബിഗേൽ സാറ റെജിയെ കണ്ടെത്തി യതിൽ സന്തോഷമുണ്ടെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. കുട്ടിയെ കാണാതായ സമയം മുതൽ കണ്ടെത്തുന്നതു വരെ കേരളത്തിലെ പൊതുസമൂഹവും മാധ്യമങ്ങളും നടത്തിയ ഇടപെടലുകൾ മാതൃകാപരമാണ്. കുട്ടിയെ ഉപേക്ഷിക്കുന്നതു വരെ കുട്ടിയെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നു പറയുന്നതു പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ കൂട്ടുത്തരവാദിത്തം ഇല്ലായ്മയുടെ ഒടുവിലത്തെ ഉദാഹരണം മാതം.
ആശ്വാസം, സന്തോഷം: എൻ.കെ.പ്രേമചന്ദ്രൻ
കൊല്ലം ∙ അബിഗേലിനെ തിരികെ കിട്ടിയതിൽ ആശ്വാസവും സന്തോഷവുമുണ്ടെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. കൊല്ലം പൊലീസ് ക്ലബ്ബിൽ കുട്ടിയെ നേരിൽ കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് എംപി സന്തോഷം പങ്കു വച്ചത്. കേരളം ഒന്നാകെ ആഗ്രഹിച്ചതു പോലെ കുട്ടിയെ തിരികെ ലഭിച്ചെങ്കിലും തട്ടിക്കൊണ്ടു പോയവരെക്കുറിച്ചോ അതിന്റെ പിന്നിലുള്ള ഗൂഢലക്ഷ്യത്തെക്കുറിച്ചോ കണ്ടെത്താൻ പൊലീസിന് കഴിയാതെ പോയതു നിർഭാഗ്യകരമാണ്.
അഭിനന്ദനം, പൊലീസിനും ജനങ്ങൾക്കും: സിപിഎം
കൊല്ലം ∙ അബിഗേൽ സാറെയെ കണ്ടെത്താനും കുറ്റവാളികളെ വെളിച്ചത്തു കൊണ്ടു വരാനും പഴുതടച്ച അന്വേഷണ സംവിധാനമാണു പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയതെന്നു സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ. യഥാസമയം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ശാസ്ത്രീയമായ അന്വേഷണം രാപകൽ നടത്തി. ഫലപ്രദമായ അന്വേഷണം നടത്തിയ പൊലീസിനെയും സർക്കാരിനെയും ഒരേ മനസ്സോടെ കൂടി നിന്ന ജനങ്ങളെയും അഭിനന്ദിക്കുന്നുയെന്ന് അദ്ദേഹം പറഞ്ഞു.
‘പൊലീസ് പരാജയം’
കൊല്ലം ∙ അബിഗേലിനെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ കഴിയാത്തതിലൂടെ പൊലീസ് പരാജയമാണെന്നു തെളിഞ്ഞെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ആരോപിച്ചു.