ADVERTISEMENT

കൊല്ലം ∙ അബിഗേലിനായി പൊലീസ് നാടൊട്ടുക്ക് അരിച്ചുപെറുക്കുമ്പോൾ തിരക്കേറിയ കൊല്ലം നഗരത്തിൽ ആൾത്തിരക്കുള്ള ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചു ‘കൂൾ’ ആയി യുവതി മടങ്ങി. വിളിപ്പാടകലെ നിന്നു പൊലീസ് എത്തിയപ്പോഴേക്കും യുവതി സുരക്ഷിത താവളത്തിലെത്തി. മറ്റു സംഘാംഗങ്ങളും പരിസരത്തെവിടെയോ ഉണ്ടായിരുന്നുവെന്നു വ്യക്തം. 

ഉച്ചയ്ക്ക് ഒന്നേകാലോടെയാണു മഞ്ഞ ചുരിദാർ ധരിച്ച യുവതി കുട്ടിയുമായി കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപത്തു നിന്ന് പനയം സ്വദേശി സജീവന്റെ ഓട്ടോയിൽ കയറി ആശ്രാമം മൈതാനത്ത് എത്തിയത്. മൈതാനത്തിനു സമീപത്തെ ബാറിന് എതിർവശത്ത് ഓട്ടോയിറങ്ങി. ഇവിടെ 2 പൊലീസ് ജീപ്പുകൾ ഓട്ടോയെ മറികടന്നു മുന്നോട്ടുപോകുന്നതു സിസിടിവി ദൃശ്യങ്ങളിലുണ്ട്. 

ജില്ലാ വ്യവസായ ഓഫിസും മറ്റും കടന്നു യുവതി റോഡിലൂടെ കുട്ടിയുമായി അൽപദൂരം നടന്നു. പിന്നെ മരത്തണലിലെ ബെഞ്ചിൽ ഇരുന്നു. സമീപത്തെ ബെഞ്ചിൽ 3 പെൺകുട്ടികൾ വന്നിരുന്നപ്പോൾ യുവതി കൂളായി അവിടെ നിന്ന് എഴുന്നേറ്റു പോയി. ഒരു പരിഭ്രാന്തിയുമില്ലാതെ വന്നതും കുട്ടിയെ ഉപേക്ഷിച്ചതും പിന്നെ സുരക്ഷിതമായി അപ്രത്യക്ഷമായതും നട്ടുച്ചയ്ക്ക് അവിശ്വസനീയ കാഴ്ചയായി. യുവതിയെ കൊണ്ടുപോകാൻ വാഹനം കാത്തുകിടപ്പുണ്ടാകാമെന്നാണു പൊലീസിന്റെ നിഗമനം. യുവതിയും കുട്ടിയും മാസ്ക് ധരിച്ചിരുന്നു. 

നാട്ടുകാ‍ർ അറിയിച്ചതിനു പിന്നാലെ പൊലീസെത്തി കുട്ടിയെ സ്റ്റേഷനിലേക്കു കൊണ്ടുപോയി.  വെള്ളവും മറ്റും നൽകിയ ശേഷം 2 മണിയോടെ എആർ ക്യാംപിലേക്കു മാറ്റി. വിവരമറിഞ്ഞ് എആർ ക്യാംപിനു മുന്നിൽ ആളുകൾ തടിച്ചുകൂടി. ബാരിക്കേഡുകൾ സ്ഥാപിച്ചു പൊലീസിനു വാഹനങ്ങൾ തടയേണ്ടി വന്നു. 

ജില്ലാ ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ എത്തി  ആരോഗ്യ നില തൃപ്തികരമെന്നുറപ്പു വരുത്തി. എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, എൻ.കെ.പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എം.മുകേഷ്,  എം.നൗഷാദ്, കെ.ബി ഗണേഷ്കുമാർ തുടങ്ങിയവരും എത്തി. പിന്നാലെ അബിഗേലിന്റെ പിതാവ് റെജിയും വൈകിട്ട് അഞ്ചരയോടെ മാതാവ് സിജിയും സഹോദരൻ ജോനാഥനും എത്തി. കുട്ടിയെ 6.15നു നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

English Summary:

Lady left the kollam child inside ashramam maidanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com