വീടിന്റെ പരിസരത്തു വെള്ള കാർ ഒരാഴ്ച മുൻപും; തക്കംപാർത്ത് കാത്തുകിടന്നു?
Mail This Article
കൊല്ലം ∙ പ്രദേശത്തു കാത്തുകിടന്നു തക്കം നോക്കിയാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയതെന്നു നാട്ടുകാർ സംശയിക്കുന്നു. ഒരാഴ്ച മുൻപു തന്നെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വെള്ള കാർ ഇവരുടെ വീടിന്റെ പരിസരത്തു കണ്ടിരുന്നു. വീട്ടിൽനിന്നു ട്യൂഷൻ എടുക്കുന്ന വീട്ടിലേക്കു കഷ്ടിച്ച് 200 മീറ്റർ മാത്രമാണു ദൂരം. ഇതിനിടയിലാണ് ഈ കാർ കിടന്നിരുന്നത്. അതേ സ്ഥലത്തു നിന്നാണു കഴിഞ്ഞ ദിവസം അബിഗേലിനെ തട്ടിക്കൊണ്ടു പോയതും.
ഈ കാറിനെക്കുറിച്ച് അബിഗേലിന്റെ സഹോദരൻ ജോനാഥൻ അമ്മ സിജിയോടു പറഞ്ഞിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച കുട്ടികളെ ട്യൂഷൻ കഴിഞ്ഞു വിളിച്ചു കൊണ്ടു വരുമ്പോഴും ഈ കാർ അവിടെയുണ്ടായിരുന്നതായി പറയുന്നു. സമീപത്തെ വീടുകളിലെ കാറുകളും ചിലപ്പോഴൊക്കെ റോഡരികിൽ പാർക്ക് ചെയ്യാറുള്ളതിനാൽ സിജി ഇതു കാര്യമായി ശ്രദ്ധിച്ചില്ല.
കാറിൽ ചിലപ്പോൾ ഒരാളും മറ്റു ചില ദിവസങ്ങളിൽ ഒന്നിലേറെ പേരും ഉണ്ടായിരുന്നു എന്നാണു ജോനാഥൻ പറഞ്ഞത്. ഇവർ തങ്ങളെ അസ്വാഭാവികമായി ശ്രദ്ധിച്ചതാണു ജോനാഥന് സംശയത്തിന് ഇടയാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ അതേ കാർ തന്നെയാണോ ഇതെന്ന സംശയത്തിലാണു നാട്ടുകാർ.
കുട്ടികൾക്ക് വേണം, വലിയ സുരക്ഷ
∙ എല്ലാ വാർഡുകളിലും ചൈൽഡ് പ്രൊട്ടക്‌ഷൻ കമ്മിറ്റികൾ സജീവമാകണം. സ്കൂൾ പരിസരത്തുള്ള വ്യാപാരികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, യുവജന സംഘടനകൾ തുടങ്ങിയവരെ സമിതിയിൽ ഉൾപ്പെടുത്തണം.
∙ സ്കൂൾ പരിസരങ്ങളിൽ അനാവശ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പൊലീസ് പരിശോധിക്കണം.
∙ ട്യൂഷൻ സെന്ററുകളിലേക്കും മറ്റും 10 വയസ്സിൽ താഴെയുള്ള കുട്ടികളെ ഒറ്റയ്ക്കു വിടാതിരിക്കുക. ട്യൂഷൻ സെന്ററുകളിലും യൂണിഫോം ധരിപ്പിച്ച് അയയ്ക്കുക. പരിചിതരായാലും ആരെങ്കിലും ലിഫ്റ്റ് തരാമെന്നു പറഞ്ഞാൽ വാഹനത്തിൽ കയറരുതെന്നും അവർ നൽകുന്ന മിഠായി, മധുര പലഹാരങ്ങൾ തുടങ്ങിയവ വാങ്ങരുതെന്നും കുട്ടികളോടു പറയുക.
∙ കുട്ടികളുടെ അപായ സാധ്യതാ മാപ്പിങ് നടപ്പിലാക്കണം. അനാഥർ, മാനസികാസ്വാസ്ഥ്യമുള്ളവർ, മദ്യാസക്തരായ മാതാപിതാക്കൾ ഉള്ളവർ എന്നീ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ രേഖ തയാറാക്കി സഹായ ഇടപെടലുകൾ നടത്തുക. – റെനി ആന്റണി, സംസ്ഥാന ബാലാവകാശ കമ്മിഷൻ മുൻ അംഗം
അരമണിക്കൂറെങ്കിലും സംസാരിക്കുക
∙ സംഭവിക്കുന്നതു ഗുണമാണോ ദോഷമാണോ എന്നു തിരിച്ചറിയാനുള്ള കഴിവു കുട്ടികളിൽ വികസിക്കുന്നതു 12 വയസ്സു മുതലാണ്. അതിനാൽ പ്രായം കുറഞ്ഞ കുട്ടികളെ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധിക്കുക. റോഡിലൂടെ പോകുമ്പോൾ വാഹനങ്ങളിൽനിന്നും ആളുകളിൽനിന്നും ഒരു കൈ അകലം പാലിക്കാൻ കുട്ടികളോടു പറയുക. ഓരോ ദിവസവും അരമണിക്കൂറെങ്കിലും കുഞ്ഞുമക്കളോടു സംസാരിക്കുകയും സുരക്ഷാനിർദേശങ്ങൾ നൽകുകയും വേണം. കായിക പരിശീലനവും നൽകുക. – ഡോ. അരുൺ ബി. നായർ, മെഡിക്കൽ കോളജ്, തിരുവനന്തപുരം.