യുവതി ഉൾപ്പെടെ 2 പേർ നിരീക്ഷണത്തിൽ; കുട്ടിയെ ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന വിവരം പൊലീസിനു നേരത്തേ ലഭിച്ചു?
Mail This Article
കൊല്ലം ∙ അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവതി ഉൾപ്പെടെ 2 പേർ നിരീക്ഷണത്തിൽ. ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു. കൊല്ലം നഗരത്തിൽ കുപ്രസിദ്ധ ക്രിമിനലിനെയും ഇയാളുടെ ബന്ധുവായ യുവതിയെയും ചുറ്റിപ്പറ്റി അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ ലഭ്യമായിട്ടില്ല. എഡിജിപി എം.ആർ അജിത്കുമാർ നേരിട്ടാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്. ചിലരുടെ ഫോൺ കോളുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ കൊല്ലം നഗരത്തിൽ എവിടെയെങ്കിലും ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന വിവരം പൊലീസിനു നേരത്തേ ലഭിച്ചിരുന്നതായി പറയുന്നു.
അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ചിരുന്ന കാറിൽ ഉണ്ടായിരുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് തയാറാക്കിയിരുന്നു. രേഖാചിത്രവുമായി സാമ്യമുള്ള 5 പേരെ പൊലീസ് തിരയുന്നുണ്ട്. കൊല്ലം നഗരം കേന്ദ്രീകരിച്ചു ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ചന്ദനത്തോപ്പ് സ്വദേശിയെ ചുറ്റിപ്പറ്റിയാണ് പ്രധാന അന്വേഷണം. ഇയാൾ നേരത്തേ രാമൻകുളങ്ങരയ്ക്കു സമീപം താമസിച്ചിട്ടുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ കാർ ഉപേക്ഷിച്ച് മറ്റൊരു നീലക്കാറിലാണ് ഇന്നലെ അബിഗേലിനെ യുവതിയും സംഘവും കൊല്ലം നഗരത്തിലെത്തിച്ചത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം യുവതിയെയും കുട്ടിയെയും സംഘത്തിലെ മറ്റുള്ളവർ ഇറക്കിയെന്നാണു വിവരം. ഇവിടെ നിന്നു യുവതി ഓട്ടോറിക്ഷയിലാണ് കുട്ടിയുമായി ആശ്രാമം മൈതാനത്തെത്തിയത്. നീല കാർ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുന്ന രീതി പ്രഫഷനൽ ക്രിമിനൽ സംഘങ്ങളുടേതാണെങ്കിലും അബിഗേലിന്റെ തട്ടിക്കൊണ്ടുപോകലിനു പിന്നിൽ അത്തരമൊരു ‘പ്രഫഷനൽ’ രീതി പൊലീസ് സംശയിക്കുന്നില്ല.