രാഹുൽ വയനാട്ടിൽ വീണ്ടും മത്സരിക്കുമോ; കോൺഗ്രസ് നേതാക്കൾക്ക് ഭിന്നാഭിപ്രായം
Mail This Article
മലപ്പുറം ∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നാഭിപ്രായം. രാഹുൽ വയനാട്ടിൽ വീണ്ടും മത്സരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ. ആലോചിക്കാൻ സമയമായിട്ടില്ലെന്നു സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.
വയനാട്ടിൽനിന്നു മാറേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നായിരുന്നു ഡൽഹിയിൽ സ്വകാര്യ ചാനലിനോട് താരിഖ് അൻവർ പറഞ്ഞത്. ‘വലിയ സ്നേഹവും വാത്സല്യവുമാണ് രാഹുൽ ഗാന്ധിക്ക് വയനാട്ടിൽനിന്നു കിട്ടിക്കൊണ്ടിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ മറ്റൊരു മണ്ഡലത്തിൽക്കൂടി മത്സരിക്കണമോയെന്ന കാര്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. ഐഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആലപ്പുഴയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിക്കില്ല.’
രാഹുൽഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ സമയമായില്ലെന്നാണ് കെ.സി.വേണുഗോപാൽ പറഞ്ഞത്. ഇക്കാര്യത്തിൽ സമയമാകുമ്പോൾ ആലോചിച്ച് പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും വേണുഗോപാൽ പറഞ്ഞു. നിലമ്പൂർ ചുങ്കത്തറയിൽ 6 റോഡുകളുടെ നിർമാണോദ്ഘാടനത്തിന് രാഹുലിനൊപ്പം എത്തിയതായിരുന്നു അദ്ദേഹം.
അതേസമയം, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും അത് ഞങ്ങളുടെ അവകാശമാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കെ.സി.വേണുഗോപാൽ മത്സരിക്കണമെന്നാണ് കെപിസിസിയുടെ ആഗ്രഹം. തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. താൻ മത്സരിക്കില്ലെന്നു നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.