കോൺഗ്രസ് മുഖ്യമന്ത്രിമാരിൽ പകുതി വനിതകളാകണം: രാഹുൽ
Mail This Article
കൊച്ചി ∙ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പകുതിയിലും 10 വർഷത്തിനുള്ളിൽ വനിതാ മുഖ്യമന്ത്രിമാർ വേണമെന്നാണ് ആഗ്രഹമെന്നു രാഹുൽ ഗാന്ധി പറഞ്ഞു. നിലവിൽ ഒരു വനിതാ മുഖ്യമന്ത്രി പോലുമില്ല. രാജ്യത്തിന്റെ അധികാര ഘടനയിൽ വനിതകളും പങ്കാളികളാകണമെന്നാണു കോൺഗ്രസ് വിശ്വസിക്കുന്നത്. ആർഎസ്എസാകട്ടെ, അവരുടെ അധികാരങ്ങൾ സ്ത്രീകളുമായി പങ്കുവയ്ക്കാൻ ഒരിക്കലും അനുവദിച്ചിട്ടില്ല. കോൺഗ്രസും ആർഎസ്എസും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണെന്നും അദ്ദേഹം പറഞ്ഞു. മഹിളാ കോൺഗ്രസ് സംസ്ഥാന കൺവൻഷൻ ‘ഉത്സാഹ്’ മറൈൻ ഡ്രൈവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘സ്ത്രീകളെ എങ്ങനെ പരിഗണിക്കണമെന്ന കാര്യത്തിലാണു കോൺഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന പോരാട്ടം. സ്വാതന്ത്ര്യ സമരത്തിൽ വനിതകൾ മുന്നണിപ്പോരാളികളായി. വനിതാ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും ലോക്സഭാ സ്പീക്കറെയും രാജ്യത്തിനു നൽകാൻ കോൺഗ്രസിനു കഴിഞ്ഞു. പാർട്ടിക്കു വനിതാ അധ്യക്ഷരുമുണ്ടായി’’ – രാഹുൽ പറഞ്ഞു.
മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി അധ്യക്ഷത വഹിച്ചു. ‘കലക്കി’ എന്നായിരുന്നു തിങ്ങിനിറഞ്ഞ സദസ്സ് വീക്ഷിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രതികരണം. മഹിളാ കോൺഗ്രസിന്റെ പുനർജന്മം പോലെ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, താരിഖ് അൻവർ, പ്രവർത്തക സമിതിയംഗം കൊടിക്കുന്നിൽ സുരേഷ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, മഹിള കോൺഗ്രസ് ദേശീയ പ്രസിഡന്റ് നെറ്റ ഡിസൂസ, ജനറൽ സെക്രട്ടറി ഷമീന ഷഫീഖ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.മിനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
∙ ‘ആർഎസ്എസ് ഒരു പുരുഷകേന്ദ്രീകൃത പ്രസ്ഥാനമാണ്. അവരുടെ നേതൃത്വത്തിലെത്താൻ സ്ത്രീകളെ അനുവദിച്ചിട്ടില്ല. പെൺകുട്ടികൾ മാന്യമായി വസ്ത്രം ധരിച്ചാൽ പീഡനത്തിന് ഇരകളാകില്ല എന്ന് അവരുടെ നേതാക്കൾ പലപ്പോഴും പറഞ്ഞു. ഇരയെ കുറ്റവാളിയാക്കുന്ന വാദമാണിത്.’ – രാഹുൽ ഗാന്ധി