ADVERTISEMENT

ന്യൂഡൽഹി ∙ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കുടുംബം ഇപ്പോൾ യെമൻ സന്ദർശിക്കുന്നതു ഉചിതമല്ലെന്നു കേന്ദ്രസർക്കാർ അറിയിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു നിമിഷപ്രിയയുടെ അമ്മയ്ക്കു വിദേശകാര്യ മന്ത്രാലയം കത്തു നൽകി. 

മോചന ചർച്ചകൾക്കായി യെമൻ സന്ദർശിക്കാൻ അനുമതി നൽകണമെന്നഭ്യർഥിച്ച് അമ്മ പ്രേമകുമാരി കേന്ദ്രസർക്കാരിനു കത്തു നൽകിയിരുന്നു. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം നഷ്ടപരിഹാരം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവു ലഭിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ വാദം. ഡൽഹി ഹൈക്കോടതിയുടെ നിർദേശം അനുസരിച്ച് പ്രേമകുമാരി, നിമിഷപ്രിയയുടെ മകൾ മിഷേൻ ടോമി തോമസ്, സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ ട്രഷറർ കുഞ്ഞഹമ്മദ് നടുവിലക്കണ്ടി, കോർ കമ്മിറ്റിയംഗം സജീവ് കുമാർ എന്നിവരാണു യെമനിലേക്കു യാത്രാനുമതി തേടിയത്.

എന്നാൽ, കുടുംബം യെമൻ സന്ദർശിച്ചാൽ അവിടെ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിനു സാധിക്കില്ലെന്നു വിദേശകാര്യമന്ത്രാലയത്തിന്റെ ഡയറക്ടർ തനുജ് ശങ്കർ നൽകിയ കത്തിൽ പറയുന്നു. യെമനിലെ ആഭ്യന്തര സാഹചര്യങ്ങൾ കാരണം ഇന്ത്യൻ എംബസി ജിബൂട്ടിയിലാണ് പ്രവർത്തിക്കുന്നത്. സനയിലെ സർക്കാരുമായി ഔപചാരിക ബന്ധം ഇല്ല. കേസിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കത്തിൽ പറയുന്നു. വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ കഴിഞ്ഞ മാസം യെമനിലെ സുപ്രീം കോടതി തള്ളിയിരുന്നു. തുടർനടപടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നു പ്രേമകുമാരിയുടെ അഭിഭാഷകൻ കെ.ആർ.സുഭാഷ് ചന്ദ്രൻ പറഞ്ഞു. 

English Summary:

Nimishapriya's release: Center ask family to reconsider visit to Yemen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com