കളമശേരി സ്ഫോടനം: മരണം ഏഴായി
Mail This Article
കൊച്ചി ∙ കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിടെ നടന്ന സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. റിട്ട. വില്ലേജ് ഓഫിസർ തൊടുപുഴ വണ്ടമറ്റം കുളങ്ങരതൊട്ടിയിൽ ജോണ്‍ (76) ആണ് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. സ്ഫോടനത്തിൽ ജോണിന്റെ ഭാര്യ ലില്ലിക്കും (നെടുമറ്റം സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ) പൊള്ളലേറ്റിരുന്നു. ഇവരും ചികിത്സയിലാണ്. മക്കൾ: ലിജോ, ലിജി, ലിന്റോ. മരുമക്കൾ: മിന്റു, സൈറസ്, റീന. സംസ്കാരം പിന്നീട്.
ഒക്ടോബർ 29ന് രാവിലെ 9.30 നായിരുന്നു കൺവൻഷൻ നടന്ന സംറ കൺവൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്.
സംഭവത്തിൽ പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി ലിയോണ (55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53), മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ (24), പ്രവീണിന്റെ അമ്മ സാലി (റീന-45), സഹോദരി ലിബ്ന (12), ആലുവ മുട്ടം ജവാഹർ നഗർ ഗണപതിപ്ലാക്കൽ വീട്ടിൽ മോളി ജോയ് (61) എന്നിവരാണ് മരിച്ച മറ്റുള്ളവർ. 52 പേർക്കാണ് പരുക്കേറ്റത്. സംഭവം നടന്ന അന്നു തന്നെ പ്രതി ഡൊമിനിക് മാർട്ടിൻ കീഴടങ്ങിയിരുന്നു.സ്ഫോടനത്തിൽ പൊള്ളലേറ്റ നാലു പേരാണ് ഇനി ആശുപത്രിയിലുള്ളത്.3 പേർ എറണാകുളം മെഡിക്കൽ സെന്ററിലും ഒരാൾ മെഡിക്കൽ കോളജിലുമാണ്.ഒരാൾക്ക് 50 ശതമാനത്തിലേറെ പൊള്ളലുണ്ട്.