കേരളവർമ ചെയർമാൻ മൂന്നാം വോട്ടെണ്ണലിൽ എസ്എഫ്ഐക്ക് 3 വോട്ട് ജയം
Mail This Article
തൃശൂർ ∙ കേരളവർമ കോളജ് യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിനു തോൽക്കുകയും വൈദ്യുതി മുടക്കവും തുടർന്നുള്ള ബഹളവുംമൂലം അർധരാത്രി വരെ നീണ്ട റീ കൗണ്ടിങ്ങിൽ 10 വോട്ടിനു ജയിക്കുകയും ചെയ്ത എസ്എഫ്ഐ ചെയർമാൻ സ്ഥാനാർഥി കെ.എസ്.അനിരുദ്ധന് ഹൈക്കോടതി നിർദേശമനുസരിച്ചു നടന്ന മൂന്നാം വോട്ടെണ്ണലിൽ 3 വോട്ടിന്റെ ജയം. 1878 വോട്ടുകളിൽ അനിരുദ്ധനു 892 വോട്ടുകളും കെഎസ്‌യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടനു 889 വോട്ടുകളും ലഭിച്ചു.
34 വോട്ടുകൾ അസാധുവായി. 18 പേർ നോട്ടയ്ക്കു വോട്ടു ചെയ്തു. മറ്റു 2 സ്ഥാനാർഥികൾക്കുമായി 45 വോട്ടുകൾ ലഭിച്ചു. റീകൗണ്ടിങ്ങിൽ അസാധു വോട്ടുകളിലെ വ്യത്യാസമാണു നിർണായകമായത്. ആദ്യ വോട്ടെണ്ണലുകളിൽ അസാധുവായ വോട്ടുകളുടെ എണ്ണം 23ൽ നിന്നു ഇത്തവണ 34 ആയി. നവംബർ ഒന്നിനു നടന്ന വോട്ടെണ്ണലിൽ ശ്രീക്കുട്ടന് 896 വോട്ടുകളും അനിരുദ്ധന് 895 വോട്ടുകളുമാണു ലഭിച്ചത്. എന്നാൽ എസ്എഫ്ഐ റീകൗണ്ടിങ് ആവശ്യപ്പെടുകയും രണ്ടാം വോട്ടെണ്ണലിൽ അനിരുദ്ധന് 899 വോട്ടുകളും ശ്രീക്കുട്ടന് 889 വോട്ടുകളും കിട്ടി.
10 വോട്ടിന് അനിരുദ്ധൻ ജയിച്ചതായി അർധരാത്രി പ്രഖ്യാപിക്കുകയും ചെയ്തു. റീകൗണ്ടിങ്ങിനിടെ പലവട്ടം വൈദ്യുതി മുടങ്ങിയതിനിടെ വോട്ടുനിലയിൽ ക്രമക്കേടു നടന്നെന്ന് ആരോപണമുയർന്നു. തുടർന്നു ശ്രീക്കുട്ടൻ ഹൈക്കോടതിയിൽ ഹർജി നൽകി. അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കിയ കോടതി വീണ്ടും വോട്ടെണ്ണാൻ നിർദേശിക്കുകയായിരുന്നു. രണ്ടാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥിയാണു കാട്ടകാമ്പാൽ സ്വദേശിയായ അനിരുദ്ധൻ. കനത്ത പൊലീസ് സുരക്ഷയിൽ ഇന്നലെ രാവിലെ 9നു തുടങ്ങിയ റീകൗണ്ടിങ് വൈകിട്ടു നാലരയോടെയാണു പൂർത്തിയായത്.