തെലങ്കാന വിജയത്തിൽ കോൺ. കേരള ടീമിനും ആഹ്ലാദം
Mail This Article
തിരുവനന്തപുരം ∙ തെലങ്കാനയിൽ കോൺഗ്രസിന്റെ വിജയത്തിൽ, അവിടെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ പങ്കെടുത്ത കേരള സ്ക്വാഡിനും ആഹ്ലാദം. ഇന്നലെ തെലങ്കാനയിൽ പുതിയ നിയമസഭാംഗങ്ങളുടെ യോഗത്തിൽ കെ.മുരളീധരൻ ഹൈക്കമാൻഡ് പ്രതിനിധിയായി പങ്കെടുത്തു. എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥും യോഗത്തിനുണ്ടായിരുന്നു.
എഐസിസിയുടെ പ്രത്യേക നിരീക്ഷകനായി രമേശ് ചെന്നിത്തലയും തെലങ്കാനയിൽ പല ദിവസവും ഉണ്ടായിരുന്നു. സ്ഥാനാർഥികളെ തീരുമാനിച്ച എഐസിസി സ്ക്രീനിങ് കമ്മിറ്റി ചെയർമാനായിരുന്നു കെ.മുരളീധരൻ. നാലുമാസമായി നിസാമാബാദ് മേഖലയിലെ 35 നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയായിരുന്നു വിഷ്ണുനാഥിന്. തെലങ്കാനയിൽ വിമതരെ പിന്തിരിപ്പിക്കാൻ കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച.
സുരേന്ദ്രനെക്കാൾ സന്തോഷം പിണറായിക്ക്: സതീശൻ
ഒറ്റപ്പാലം ∙ ‘ഇന്ത്യ’ മുന്നണിയെ തകർക്കാൻ പിണറായി വിജയൻ ആർഎസ്എസിനു കൂട്ടുനിൽക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ പരാജയത്തിൽ കെ.സുരേന്ദ്രനെക്കാൾ സന്തോഷിക്കുന്നതു പിണറായിയാണ് – സതീശൻ പറഞ്ഞു.
കണ്ണൂർ വിസി പുനർനിയമനത്തിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്നു പരമോന്നത നീതിപീഠം കണ്ടെത്തിയ സാഹചര്യത്തിൽ മന്ത്രി ആർ.ബിന്ദുവിനെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കു കത്തു നൽകി.