ബഫർസോൺ പുനഃപരിശോധനാഹർജി തീർപ്പാക്കി; നിർമാണത്തിനും കൃഷിക്കും തടസ്സമില്ല
Mail This Article
ന്യൂഡൽഹി ∙ ബഫർസോൺ വിഷയത്തിൽ സംസ്ഥാനസർക്കാർ നൽകിയ പുനഃപരിശോധനാഹർജി സുപ്രീം കോടതി തീർപ്പാക്കി. ഹർജിയിൽ ഉന്നയിച്ച ആവശ്യങ്ങൾ കഴിഞ്ഞ ഏപ്രിൽ 26നു നൽകിയ വിധിയിലൂടെ അനുവദിച്ചിട്ടുണ്ടെന്നു വിലയിരുത്തിയാണു ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ബഫർ സോണുകൾക്കു കർശനനിബന്ധനകൾ വച്ച് കഴിഞ്ഞ വർഷം ജൂണിൽ വിധി നൽകിയിരുന്നു. ഇതിന്റെ പുനഃപരിശോധനയാണു കേരളം ആവശ്യപ്പെട്ടത്. വിധി പരിഷ്കരിക്കണമെന്നു കേന്ദ്രവും അപേക്ഷ നൽകി. കേന്ദ്രത്തിന്റെ അപേക്ഷ കഴിഞ്ഞ ഏപ്രിലിൽ തീർപ്പാക്കിയിരുന്നു. കെട്ടിടനിർമാണം, അടിസ്ഥാനസൗകര്യവികസനം, കൃഷി തുടങ്ങിയവയ്ക്കു ബഫർസോണിൽ തടസ്സമില്ലെന്നും അന്നു കോടതി വ്യക്തമാക്കി.
പരിസ്ഥിതി മന്ത്രാലയം അന്തിമവിജ്ഞാപനമോ കരടുവിജ്ഞാപനമോ ഇറക്കിയ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ നിയന്ത്രണപരിധി വ്യവസ്ഥ ബാധകമാകില്ലെന്ന ആനുകൂല്യമാണ് അന്നു ലഭിച്ചത്. എന്നാൽ, സംരക്ഷിത മേഖലകളുടെ ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ഖനനത്തിനു പൂർണ നിരോധനമെന്ന വ്യവസ്ഥ എല്ലായിടത്തും ബാധകമാകുമെന്നും ഏപ്രിലിൽ കോടതി പറഞ്ഞു. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും കാര്യത്തിൽ അന്തിമവിജ്ഞാപനമോ കരടു വിജ്ഞാപനമോ നിലവിലുള്ളതിനാൽ ഏപ്രിലിലെ വിധിയോടെ തന്നെ പുനഃപരിശോധനാഹർജി അപ്രസക്തമായി. ഇതു കേരളത്തിനുവേണ്ടി ഹാജരായ ജയ്ദീപ് ഗുപ്തയും നിഷേ രാജൻ ശങ്കറും കോടതിയെ അറിയിക്കുകയും ചെയ്തു.
ഇന്നലെ കേസിലെ നടപടികൾ അവസാനിപ്പിച്ചശേഷം, കഴിഞ്ഞ വർഷത്തെ വിധിയും വലിയ കുഴപ്പമില്ലാത്തതായിരുന്നുവെന്നു ബെഞ്ചിലെ ജസ്റ്റിസ് അനിരുദ്ധ ബോസ് പറഞ്ഞു. നേരത്തേയും സാധാരണ പ്രവർത്തനങ്ങൾക്ക് ബഫർ സോൺപരിധിയിൽ തടസ്സമില്ലായിരുന്നുവെന്ന് കോടതി സൂചിപ്പിച്ചു. മംഗളവനത്തിന്റെ ബഫർ സോൺ പരിധിയിൽ വരുന്നതിനാൽ കഴിഞ്ഞ വർഷത്തെ ഉത്തരവ് കേരള ഹൈക്കോടതിക്കെട്ടിടത്തെയും ബാധിക്കുമായിരുന്നുവെന്നു ജയ്ദീപ് ഗുപ്ത പറഞ്ഞു. നേരത്തേയുള്ള കെട്ടിടമായതിനാൽ ഹൈക്കോടതിക്കു പ്രശ്നമുണ്ടാവില്ലായിരുന്നുവെന്നു ജസ്റ്റിസ് ബോസ് വിശദീകരിച്ചു.