ADVERTISEMENT

കൊച്ചി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ദുരന്തത്തെ സംബന്ധിച്ചു സർവകലാശാലയും സർക്കാരും നടത്തുന്ന അന്വേഷണത്തിന്റെ വിവരങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. മനഃപൂർവം ആരെങ്കിലും ചെയ്തതാണെന്നു കരുതുന്നില്ലെന്നും എന്നാൽ നിലവിലെ സ്ഥിതി സർവകലാശാല അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയിലേക്കാണു വിരൽചൂണ്ടുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കുസാറ്റിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ബിടെക് വിദ്യാർഥികളുടെ ടെക്ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. അന്വേഷണത്തിന്റെ സ്വഭാവമാണ് അറിയേണ്ടതെന്നു കോടതി പറഞ്ഞു. ഏത് രീതിയിലാണ് അന്വേഷണം നടത്തുന്നതെന്നു വ്യക്തമാക്കണം.

അന്വേഷണ റിപ്പോർട്ട് ഈ ഘട്ടത്തിൽ നൽകേണ്ടതില്ല. എന്നാൽ ഹർജി പരിഗണിക്കുന്ന 14ന് വിവരങ്ങൾ അറിയിക്കണമെന്നു കോടതി നിർദേശിച്ചു. ദൗർഭാഗ്യവശാൽ, അപകടം നടന്നിട്ട് നടപടിയെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. സംവിധാനത്തിന്റെ വീഴ്ചയാണുണ്ടായിരിക്കുന്നത്. വിദ്യാർഥികളുടെ സമ്മേളനം നടക്കുമ്പോൾ സർവകലാശാല അധികൃതർക്ക് കൃത്യമായ ഉത്തരവാദിത്തമുണ്ട്. പൊലീസിന്റെയും സുരക്ഷാ ഏജൻസികളുടെയും പങ്ക് അന്വേഷിക്കേണ്ടതുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടിക്കൂടിയാണിത്. ഉത്തരം കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

English Summary:

kerala high court directs to inform investigation details about Cusat tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com