ലോകായുക്തയ്ക്കു ശുപാർശ ചെയ്യാനുള്ള അധികാരമേയുള്ളൂവെന്നു സുപ്രീം കോടതി; നീതി ഉറപ്പാക്കാൻ ഇടക്കാല ഉത്തരവ് നൽകാമെന്ന് വിദഗ്ധർ
Mail This Article
തിരുവനന്തപുരം ∙ നീതി ഉറപ്പാക്കാനുള്ള ഇടക്കാല ഉത്തരവു നൽകാനുള്ള അധികാരം ലോകായുക്തയ്ക്കുണ്ടെന്നു നിയമവിദഗ്ധർ വ്യക്തമാക്കി. കേരള ലോകായുക്ത നിയമത്തിലെ 12(1) വകുപ്പു പ്രകാരം, ശുപാർശ ചെയ്യാനുള്ള അധികാരം മാത്രമേയുള്ളൂവെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നിയമത്തിലെ വ്യവസ്ഥപ്രകാരം (പവേഴ്സ് ഓഫ് സിവിൽ കോർട്ട് റൂൾസ് 99) ഇടക്കാല ഉത്തരവു നൽകാം. അതു ചെയ്തില്ലെങ്കിൽ പരാതിക്കാർക്കു കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാം.
എന്നാൽ, പരാതിക്കാർക്ക് അനുകൂലമായി ഇടക്കാല ഉത്തരവുകൾ ലോകായുക്ത നൽകുമ്പോൾ അതു 12(1) വകുപ്പിന്റെ ലംഘനമെന്നു കാട്ടി ഉദ്യോഗസ്ഥർ മേൽക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു നേടാറുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണു സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ നിന്നുണ്ടായത്. ലോകായുക്തയുടെ ഭാഗം വാദിക്കാൻ സർക്കാർ അഭിഭാഷകർ ഹാജരായതുമില്ല.
ലോകായുക്തയെയും വിജിലൻസിനെയും ശക്തിപ്പെടുത്താൻ ശുപാർശ നൽകാനായി 2012ൽ ജസ്റ്റിസ് കെ.പി.ബാലചന്ദ്രന്റെ അധ്യക്ഷതയിൽ മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. കോടതിയുടെ അധികാരങ്ങൾ ലോകായുക്തയ്ക്കും വേണമെന്നു റിപ്പോർട്ടിൽ ശുപാർശ ചെയ്തു. ആ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. ലോകായുക്തയെ വീണ്ടും ദുർബലമാക്കാൻ സർക്കാർ നിയമഭേദഗതി കൊണ്ടുവരികയും ചെയ്തു.
∙ ‘ലോകായുക്ത നിയമത്തിലെ 12(1) വകുപ്പുപ്രകാരം ശുപാർശ നൽകാനുള്ള അധികാരമേയുള്ളൂ. എന്നാൽ, ഹർജി വരുമ്പോൾ ഉദ്യോഗസ്ഥരോടു വിശദീകരണം ചോദിക്കും. അവർ അതു ചെയ്യാമെന്നു സമ്മതിക്കും. തുടർന്ന് അതു നടപ്പാക്കി റിപ്പോർട്ട് നൽകാൻ ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെടും. ആ ഒറ്റ വരിയാണ് ആജ്ഞയായി ചിത്രീകരിച്ചു ചിലർ മേൽക്കോടതിയെ സമീപിക്കുന്നത്. ഉദ്യോഗസ്ഥർ അതു ചെയ്തില്ലെങ്കിൽ ജോലിയിൽ തുടരാൻ യോഗ്യനല്ലെന്നു സർക്കാരിനും റിപ്പോർട്ട് നൽകും. സാമ്പത്തിക ക്രമക്കേടു കണ്ടെത്തിയാൽ 14(1) വകുപ്പു പ്രകാരം അധികാരികളെ അയോഗ്യരാക്കാനും അധികാരമുണ്ട്.’ – ജസ്റ്റിസ് കെ.പി.ബാലചന്ദ്രൻ