ഭൂമി തരംമാറ്റൽ: സ്ഥലപരിശോധനയ്ക്ക് മുൻഗണന നോക്കേണ്ടതില്ലെന്ന് നിർദേശം
Mail This Article
തിരുവനന്തപുരം ∙ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഭൂമി തരംമാറ്റുന്ന അപേക്ഷകളിലെ സ്ഥലപരിശോധന മുൻഗണന നോക്കാതെ വേഗത്തിലാക്കാൻ പുതിയ നിർദേശവുമായി റവന്യു വകുപ്പ്. ഓരോ മേഖലയിലെയും അപേക്ഷകൾ കൂട്ടമായി പരിശോധിച്ച് ഒന്നിച്ചു റിപ്പോർട്ട് നൽകാനാണ് വില്ലേജ് ഓഫിസർമാർക്കും കൃഷി ഓഫിസർമാർക്കുമുള്ള നിർദേശം.
നിലവിൽ അപേക്ഷാതീയതി പ്രകാരം മുൻഗണന നൽകിയാണ് പരിശോധന. ഇതുമൂലം ഓരോ മേഖലയിലും (ക്ലസ്റ്റർ) പല തവണ സന്ദർശിക്കേണ്ടിവരുന്നു. ഇത് ഒഴിവാക്കാനാണ് പുതിയ നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപേക്ഷാ തീയതി പരിഗണിച്ച് ആർഡിഒമാരാണ് അന്തിമതീരുമാനം എടുക്കുന്നത് എന്നതിനാൽ അപേക്ഷകരുടെ മുൻഗണന നഷ്ടപ്പെടില്ലെന്നു റവന്യു വകുപ്പ് പറയുന്നു.
അതേസമയം, 25 സെന്റ് വരെ സൗജന്യമാക്കാനും അധിക ഭൂമിക്കു മാത്രം ഫീസ് ഈടാക്കാനുമുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പുതിയ നിർദേശമെന്നും വാദമുണ്ട്. റിപ്പോർട്ടും തീർപ്പും വേഗത്തിലാകുന്നതോടെ ഫീസ് ഇനത്തിൽ കൂടുതൽ വരുമാനം സർക്കാരിനു ലഭിക്കും. 2018 മുതൽ ഇതു വരെ 1300 കോടിയോളം രൂപയാണു സർക്കാരിന് ഈയിനത്തിൽ ലഭിച്ചത്. ഇപ്പോഴുള്ള അപേക്ഷകൾ തീർപ്പാക്കിയാലും ഇത്രത്തോളം തുക ലഭിക്കും. ന്യായവിലയുടെ 10% ആണ് ഫീസ്.
ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടില്ല
ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിലാക്കാനുള്ള കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ബിൽ നിയമസഭ പാസാക്കി മൂന്നു മാസത്തിലേറെയായിട്ടും ഗവർണറുടെ തീരുമാനം നീളുന്നു. തരംമാറ്റം വരുത്താനുള്ള അധികാരം 27 ആർഡിഒമാർക്കു പുറമേ 78 താലൂക്കുകളിലെയും ഓരോ ഡപ്യൂട്ടി കലക്ടർമാർക്കു കൂടി നൽകുന്നതാണ് ബില്ലിലെ ഭേദഗതി.