മാർ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു; 12 വർഷം സിറോ മലബാർ സഭയെ നയിച്ച മേജർ ആർച്ച് ബിഷപ്
Mail This Article
കൊച്ചി ∙ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് സ്ഥാനം ഒഴിഞ്ഞു. ഈ പദവിയിൽ 12 വർഷം സഭയെ നയിച്ച അദ്ദേഹം സ്ഥാനമൊഴിയാനുള്ള സന്നദ്ധത ഫ്രാൻസിസ് മാർപാപ്പയെ അറിയിച്ചിരുന്നു. തീരുമാനം മാർപാപ്പ അംഗീകരിച്ച സാഹചര്യത്തിലാണു രാജിവയ്ക്കുന്നതെന്നു മാർ ആലഞ്ചേരി പറഞ്ഞു.
പുതിയ മേജർ ആർച്ച് ബിഷപ്പിനെ സിറോ മലബാർ സിനഡ് തിരഞ്ഞെടുക്കും വരെ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനെ സഭയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. നിലവിൽ സഭാ ആസ്ഥാനത്തിന്റെ ഭരണച്ചുമതലയുള്ള കൂരിയ ബിഷപ് ആണ് അദ്ദേഹം.
മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് പദവിയിലാവും ഇനി കർദിനാൾ മാർ ആലഞ്ചേരി. വത്തിക്കാൻ കൗൺസിലിലും പൗരസ്ത്യ തിരുസംഘത്തിലും കർദിനാൾ എന്ന നിലയിലുള്ള ചുമതലകളും തുടരും.
കുർബാന തർക്കത്തെത്തുടർന്നു വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എറണാകുളം– അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്നു മാർ ആൻഡ്രൂസ് താഴത്തും ചുമതലയൊഴിഞ്ഞു. മെൽബൺ രൂപത മുൻ ബിഷപ് മാർ ബോസ്കോ പുത്തൂർ ആണ് പുതിയ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ. മാർ താഴത്തും സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.
വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് ലിയോപോൾ ജിറെല്ലി കഴിഞ്ഞദിവസം അടിയന്തരമായി കൊച്ചി വിമാനത്താവളത്തിലെത്തി കൈമാറിയ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണോ ഇൗ തീരുമാനങ്ങൾ എന്നതിനോടു സഭാ നേതൃത്വം പ്രതികരിച്ചില്ല.
സ്ഥാനമൊഴിയാനുള്ള താൽപര്യം 2019 ജൂലൈ 19 ന് മാർപാപ്പയെ അറിയിച്ചുവെങ്കിലും സിനഡ് അഭിപ്രായപ്രകാരം പാപ്പ രാജി സ്വീകരിച്ചില്ലെന്നും 2022 നവംബർ 15 ന് വീണ്ടും രാജി സമർപ്പിച്ചുവെന്നും മാർ ആലഞ്ചേരി പറഞ്ഞു. അതിനാണ് ഇപ്പോൾ അനുമതി ലഭിച്ചത്. രാജി ഇന്നലെ നിലവിൽ വന്നു.
എറണാകുളം –അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയുമായും ഏകീകൃത കുർബാന അർപ്പണവുമായും ബന്ധപ്പെട്ട് 6 വർഷമായി സഭയിൽ തർക്കം നിലനിൽക്കുകയാണ്. ഇതു പരിഹരിക്കാൻ വത്തിക്കാൻ നേരിട്ട് ഇടപെട്ടിരുന്നു. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർക്കു പുറമേ, വത്തിക്കാൻ പ്രതിനിധിയെയും പ്രശ്നങ്ങൾ പരിഹരിക്കാൻ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല.
സിറോ മലബാർ സഭയുടെ രണ്ടാമത്തെ കൂരിയ മെത്രാനായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ 1992 ൽ വൈദികനായി. 2014 സഭാ ആസ്ഥാനത്ത് വൈസ് ചാൻസലറും 2017 നവംബർ 12 ന് അവിടെത്തന്നെ മെത്രാനുമായി. പുതിയ മേജർ ആർച്ച് ബിഷപ് ചുമതലയേൽക്കും വരെ, സിനഡിന്റെ മേൽനോട്ടവും സ്ഥാനാരോഹണവും ഉൾപ്പെടെ സഭയുടെ ഭരണപരമായ ഉത്തരവാദിത്തങ്ങൾ മാർ വാണിയപ്പുരയ്ക്കലിനാവും.
മാർപാപ്പയുടെ നിർദേശം: ക്രിസ്മസ് മുതൽ ഏകീകൃത കുർബാന
ഇത്തവണത്തെ ക്രിസ്മസ് പാതിരാ കുർബാന മുതൽ എറണാകുളം–അങ്കമാലി അതിരൂപതയിൽ സിനഡ് അംഗീകരിച്ച അൾത്താര അഭിമുഖ കുർബാന ആരംഭിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ വിശ്വാസികൾക്കും വൈദികർക്കുമായുള്ള വിഡിയോ സന്ദേശത്തിൽ നിർദേശിച്ചു.
സിനഡിൽ മെത്രാൻമാർക്കിടയിൽ തർക്കമുണ്ടായിരുന്നിട്ടും ഐക്യത്തിനു വേണ്ടിയാണ് ഏകീകൃത കുർബാന നടപ്പാക്കാൻ എല്ലാവരും ചേർന്നു തീരുമാനമെടുത്തതെന്നു സന്ദേശത്തിൽ പറയുന്നു. ഇതു നടപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ, ഉചിതമായ സഭാനടപടികൾ, അത്യധികം വേദനയോടെ, എടുക്കേണ്ടി വരുമെന്നും അതിലേക്കെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മാർപാപ്പ സന്ദേശത്തിൽ സൂചിപ്പിക്കുന്നു.