സി.കെ. നാണു പുറത്ത്; നിലപാട് എടുക്കാതെ കേരള നേതൃത്വം
Mail This Article
തിരുവനന്തപുരം ∙ മുതിർന്ന നേതാവ് സി.കെ.നാണുവിനെ പുറത്താക്കിയ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുടെ തീരുമാനത്തിൽ നിലപാടെടുക്കാതെ ജനതാദൾ–എസ് (ജെഡിഎസ്) കേരള ഘടകം. ഗൗഡയും സി.കെ.നാണുവും ബെംഗളൂരുവിൽ വെവ്വേറെ വിളിച്ച യോഗങ്ങളിൽ കേരളത്തിലെ ഔദ്യോഗിക നേതൃത്വം പങ്കെടുക്കുന്നില്ല. ഇരുകൂട്ടരോടും സമദൂരം എന്ന നയത്തിലാണ് സംസ്ഥാന നേതൃത്വം.
സി.കെ.നാണുവും കൂട്ടരും മുന്നോട്ടുവയ്ക്കുന്ന ബിജെപി വിരുദ്ധ രാഷ്ട്രീയ നിലപാട് കേരള ഘടകത്തിനുണ്ട്. പക്ഷേ സംഘടനാതലത്തിൽ ഗൗഡ നേതൃത്വം നൽകുന്ന പാർട്ടിയുടെ ഭാഗമാണ് എന്നതിനാൽ നാണുവിനൊപ്പം ചേരില്ലെന്നാണ് തീരുമാനം.
ഒരേ സമയം ഗൗഡയുടെ പാർട്ടിയുടെ ഭാഗമായിരിക്കുകയും അദ്ദേഹത്തിന്റെ ബിജെപി സഖ്യത്തെ എതിർക്കുകയും ചെയ്യുന്ന വിചിത്രമായ നിലപാടിലാണ് കേരള നേതൃത്വം. നവകേരള സദസ്സിനിടയിൽ വടകരയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ സി.കെ.നാണു കണ്ടിരുന്നു. പാർട്ടിയിലെ സംഭവവികാസങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.