വിഷയങ്ങൾ ആഴത്തിൽ പഠിച്ച സഹപ്രവർത്തകൻ
Mail This Article
പ്രസ്ഥാനത്തിൽ എന്നെക്കാൾ സീനിയറായ കാനത്തെ പരിചയപ്പെടുന്നത് ചെന്നൈയിൽവച്ചാണ്, 1975ൽ. അന്നു ഞങ്ങൾ യൂത്ത് ഫെഡറേഷനിലാണ്. ശ്രീലങ്കയിൽ നടക്കുന്ന കമ്യൂണിസ്റ്റ് യൂത്ത് കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള യാത്രയ്ക്കു വീസ എടുക്കാനാണ് കാനം എത്തിയത്. ഞാനന്ന് ഫെഡറേഷന്റെ തമിഴ്നാട് ഘടകം സെക്രട്ടറിയായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് വീസാ ഓഫിസിൽ പോയത്.
കാനം യൂത്ത് ഫെഡറേഷനിൽനിന്ന് തൊഴിലാളി യൂണിയൻ രംഗത്തേക്കു മാറി. എന്റെ പ്രവർത്തന മണ്ഡലം ഡൽഹിയായി. തൊഴിലാളി യൂണിയനിൽനിന്ന് കാനം പാർട്ടി നേതൃനിരയിലേക്കെത്തി. പ്രവർത്തനത്തിലും സംഘാടനത്തിലുമുള്ള മികവ് കേരളത്തിലെ പാർട്ടിയുടെ ചുമതലയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. പാർട്ടി അംഗത്വത്തിലും നിയമസഭാംഗങ്ങളുടെ എണ്ണത്തിലും രാജ്യത്ത് സിപിഐക്ക് ഏറ്റവും കരുത്തുള്ള ഘടകമാണു കേരളം.
ഡൽഹിയിൽ ദേശീയ സെക്രട്ടേറിയറ്റിലും അംഗമായിരുന്ന കാനം വിഷയങ്ങൾ ആഴത്തിൽ പഠിച്ച് ഇടപെടലുകൾ നടത്തിയിരുന്നു.
ഫ്രഞ്ച് സാമ്പത്തികശാസ്ത്രജ്ഞൻ തോമസ് പിക്കറ്റിയുടെ പുസ്തകങ്ങളെക്കുറിച്ചും മുതലാളിത്ത സമീപനങ്ങൾ അസമത്വം സൃഷ്ടിക്കുന്ന സാഹചര്യവുമൊക്കെ കാനം ചർച്ച ചെയ്തതോർക്കുന്നു. പ്രതിബദ്ധതയുള്ള നേതാവിന്റെ വേർപാട് പാർട്ടിക്ക് വലിയ നഷ്ടംതന്നെയാണ്.