പുതിയ വീട്ടിൽ കയറി; ഓഫിസിൽ കയറാനായില്ല
Mail This Article
തിരുവനന്തപുരം ∙ ‘രാഷ്ട്രീയക്കാർ പലരും പാർട്ടിയിലേക്കു വരും, പക്ഷേ പാർട്ടിക്കാരനായി മാറണം, എങ്കിലേ പാർട്ടിയുണ്ടാകൂ... അതിനു പാർട്ടി വിദ്യാഭ്യാസം വേണം’– സംസ്ഥാന കമ്മിറ്റിയിൽ കാനം പറഞ്ഞു. പുതിയ കാലത്ത് അനിവാര്യമായ ആ ചിന്തയിൽ നിന്ന് അദ്ദേഹം പടുത്തുയർത്തിയതാണു സിപിഐയുടെ ആദ്യത്തെ പഠന ഗവേഷണ കേന്ദ്രം. കൊല്ലം കൊട്ടാരക്കരയ്ക്കടുത്തു താഴത്തുകുളക്കടയിൽ 2 വർഷം മുൻപു വിശാലമായ ഈ കേന്ദ്രം പൂർത്തിയായി. പാർട്ടിയിൽ ആശയം കൊണ്ടു വ്യത്യസ്തനായ കാനം ഏറ്റവും കൂടുതൽ വ്യക്തിബന്ധം സൂക്ഷിച്ച നേതാവായ സി.കെ.ചന്ദ്രപ്പന്റെ പേരുതന്നെ ഗവേഷണകേന്ദ്രത്തിനു നൽകുകയും ചെയ്തു. കേന്ദ്രം പൂർണ സജ്ജമായി വരുന്നതേയുള്ളൂ.
തിരുവനന്തപുരത്തു സിപിഐയുടെ ആസ്ഥാനമായ എംഎൻ സ്മാരകം പുതുക്കിപ്പണിയണം, അതിന് 10 കോടി രൂപ കണ്ടെത്തണം. ഇതു പറയുമ്പോൾ സംസ്ഥാന നേതൃയോഗത്തിൽ പലരും സാധ്യമാണോയെന്നു ചോദിച്ചെങ്കിലും തിയറികളൊക്കെ അവിടെ നിൽക്കട്ടെ പാർട്ടിയിത് കണ്ടെത്തണം എന്ന് അടിവരയിട്ടു പറഞ്ഞു കാനം. 3 മാസം കൊണ്ട് 10 കോടിയിലധികം രൂപ പാർട്ടിയുടെ ബാങ്ക് അക്കൗണ്ടിലെത്തി. വിശാലമായ കെട്ടിടത്തിന്റെ പണിക്കു തുടക്കമിട്ടെങ്കിലും പാർട്ടി ആസ്ഥാനത്തേക്ക് എത്താനാകാതെയാണ് അദ്ദേഹത്തിന്റെ മടക്കം.
കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് പി.കൃഷ്ണപിള്ളയുടെ കോട്ടയം വൈക്കത്തെ വീടും സ്ഥലവും സിപിഐ സംസ്ഥാന കമ്മിറ്റി പണം കൊടുത്ത് ഈയിടെ വാങ്ങിയതും കാനം നേരിട്ടു നേതൃത്വം കൊടുത്താണ്. ഇവിടെ പി. കൃഷ്ണപിള്ള സ്മാരകം എങ്ങനെ വേണമെന്നതുൾപ്പെടെ പാർട്ടിയിൽ തീരുമാനമെടുത്ത് നിർമാണത്തിന് നീക്കവും തുടങ്ങിയിരുന്നു.സ്വന്തം നാടായ കോട്ടയത്തെ വാഴൂരിലും മനോഹരമായ പാർട്ടി കെട്ടിടം പണിയാൻ അദ്ദേഹം നേതൃത്വം നൽകി. ആറു മാസം മുൻപാണ് തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞിയിൽ അദ്ദേഹം വീടുവച്ചു താമസം മാറിയത്.