ഇന്നലെ കാണാമെന്ന് ആഗ്രഹിച്ചു, പക്ഷേ...: വൈക്കം വിശ്വൻ
Mail This Article
ഇന്നലെ ആശുപത്രിയിൽ പോയി കാനത്തെ കാണാനിരുന്നതാണ്. ഒപ്പം എം.കെ. സാനു മാഷിനെയും കണ്ടു മടങ്ങാമെന്ന് കരുതി. നല്ല ചുമയുണ്ടായിരുന്നതു കൊണ്ട് യാത്ര ഒഴിവാക്കിയതാണ്. പിന്നെ കേട്ടതു മരണവാർത്തയാണ്. യുവജന പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ മുതൽ കാനത്തെ അറിയാം. എന്നെ ജ്യേഷ്ഠ സഹോദരപ്പോലെയാണ് പരിഗണിച്ചിരുന്നത്. ഇടതു മുന്നണി യോഗങ്ങളിൽ അദ്ദേഹം മുതിർന്ന സിപിഐ നേതാക്കൾക്കൊപ്പം വരുന്നത് ഓർമയിലുണ്ട്. ഒരേ ജില്ലക്കാർ എന്ന പ്രത്യേക അടുപ്പം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴും ഇടതുപക്ഷ ഐക്യത്തിന് കോട്ടം ഉണ്ടാകാതിരിക്കാൻ കാനം എപ്പോഴും ശ്രദ്ധിച്ചിരുന്നു.
സ്നേഹത്തിന്റെ പക്ഷത്ത്: എൻ.ജയരാജ് (ഗവ.ചീഫ് വിപ്പ്)
നിയമസഭയിലേക്കുള്ള എന്റെ ആദ്യ മത്സരത്തിൽ (2006) എതിർ സ്ഥാനാർഥിയായിരുന്നു കാനം രാജേന്ദ്രൻ. അദ്ദേഹത്തിന്റെ പരസ്പര ബഹുമാനവും സ്നേഹവും എന്നെ ആകർഷിച്ചു. ഞാൻ കോളജിൽ പഠിക്കുന്ന കാലത്തേ അദ്ദേഹം യുവജന നേതാവാണ്. 1996ൽ എന്റെ അച്ഛൻ പ്രഫ. കെ.നാരായണക്കുറുപ്പിനെതിരായി അദ്ദേഹം വാഴൂരിൽ മത്സരിച്ചു. അന്നും ആശയങ്ങളിലെ അഭിപ്രായ വ്യത്യാസം അവരുടെ സൗഹൃദത്തിനു തടസ്സമായിട്ടില്ല. പിന്നീട് ഞാൻ എംഎൽഎ ആയ ശേഷം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ ഭേദമന്യേ എനിക്കും നാടിനുമൊപ്പം നിന്നു.