ADVERTISEMENT

തിരുവനന്തപുരം ∙ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്കു ബിനോയ് വിശ്വത്തിന്റെ കടന്നുവരവിനു വഴിയൊരുക്കിയത് കാനം രാജേന്ദ്രന്റെ കത്ത്. മരിക്കും മുൻപു കാനം തന്നെ ബിനോയിയുടെ പേരു നിർദേശിച്ചിട്ടുണ്ടെന്നു ജനറൽ സെക്രട്ടറി ഡി.രാജ കോട്ടയത്തു ചേർന്ന നിർവാഹകസമിതി യോഗത്തെ അറിയിച്ചതോടെ പിന്നെ എതിർപ്പുണ്ടായില്ല. തന്റെ അഭാവത്തിലും സിപിഐയിൽ പിൻഗാമിയെ നിശ്ചയിക്കാൻ കാനത്തിനു കഴിഞ്ഞു. 

എന്നാൽ തിടുക്കത്തിൽ പകരക്കാരനെ തീരുമാനിക്കണോ എന്ന ചോദ്യവും ഉയർന്നു. പട്ടടയിലേക്കു കാനത്തിന്റെ ഭൗതികശരീരം വച്ചതിനു തൊട്ടുപിന്നാലെ തന്നെ ഇതു വേണോ എന്നു ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബു ചോദിച്ചു. മുതിർന്ന നേതാക്കളായ കെ.ആർ.ചന്ദ്രമോഹൻ, ഇ.ചന്ദ്രശേഖരൻ എന്നിവരും ‘ടൈമിങ്’ സംബന്ധിച്ചു സന്ദേഹം പ്രകടിപ്പിച്ചു. 

സംസ്ഥാന നിർവാഹക സമിതി തിരക്കിട്ടു കോട്ടയത്തു വിളിച്ചപ്പോൾ സെക്രട്ടറിയുടെ ചുമതല സംബന്ധിച്ച തീരുമാനം കൂടി ഉണ്ടാകുമെന്ന് അതിലെ അംഗങ്ങളിൽ പലർക്കും അറിയില്ലായിരുന്നു. പാർട്ടി തല അനുശോചന യോഗങ്ങൾ, എൽഡിഎഫുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ആലോചിക്കാനാണു  യോഗമെന്ന സൂചനയാണു പലർക്കും ലഭിച്ചത്.

സെക്രട്ടറിയെ സംബന്ധിച്ച തീരുമാനം നീട്ടിക്കൊണ്ടു പോകേണ്ടെന്ന ധാരണ കേന്ദ്രനേതൃത്വം കൈക്കൊണ്ടു. തീരുമാനം നീണ്ടാൽ അതു തർക്കത്തിനും വടംവലികൾക്കും കാരണമായേക്കാമെന്ന വിലയിരുത്തലും ഉണ്ടായി. കാനം കേന്ദ്രനേതൃത്വത്തിനു നൽകിയ കത്ത് അവർക്കു കാര്യങ്ങൾ എളുപ്പവുമാക്കി.

കൊച്ചി അമൃത ആശുപത്രിയിൽ കഴിയുമ്പോഴാണ് അവധി അപേക്ഷ സംബന്ധിച്ച കത്ത് കാനം കേന്ദ്രനേതൃത്വത്തിനു കൈമാറിയത്. ‘ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്തു പാർട്ടിയിൽ നിന്ന് 3 മാസത്തേക്ക് അവധി അനുവദിക്കണം. എന്റെ അഭാവത്തിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തെ ആ ചുമതല ഏൽപിക്കാവുന്നതാണ്’– ഇതായിരുന്നു  കത്ത്.

യോഗത്തിന്റെ അജൻഡയിൽ ഉണ്ടായിരുന്ന ‘സംഘടന’ എന്ന വിഷയം എടുത്തപ്പോൾ ജനറൽ സെക്രട്ടറി ഡി.രാജ കത്തിന്റെ കാര്യം അറിയിക്കുകയും ഈ യോഗത്തിൽ തന്നെ കാനത്തിന്റെ നിർദേശം നടപ്പാക്കാമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പുതിയ ആൾ വരണമെന്നു അസി. സെക്രട്ടറി പി.പി.സുനീറും വ്യക്തമാക്കി. സെക്രട്ടറിയായിരിക്കെ വിടപറഞ്ഞ സി.കെ.ചന്ദ്രപ്പനു പകരക്കാരൻ വന്നതു മാസങ്ങൾ കഴിഞ്ഞാണ്. ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബുവിന്റെ പേരും പാർട്ടി കേന്ദ്രങ്ങളിൽ ഉയർന്നിരുന്നെങ്കിലും കാനം തന്നെ ബിനോയിയെ നിർദേശിച്ച സാഹചര്യത്തിൽ ആ സാധ്യത അടഞ്ഞു. മരണശേഷം തന്റെ അഭിലാഷം പാർട്ടിയെക്കൊണ്ടു നടത്തിക്കാൻ കഴിഞ്ഞത് സിപിഐയിൽ കാനത്തിനുള്ള സ്വാധീനത്തിന്റെ മറ്റൊരു തെളിവായി.

എൽഡിഎഫ് സിപിഐയുടേതും: ബിനോയ് വിശ്വം

കോട്ടയം ∙ എൽഡിഎഫ് എന്ന ശരിയെ ശക്തിപ്പെടുത്താനാകും തന്റെ പ്രവർത്തനമെന്നു ബിനോയ് വിശ്വം പറഞ്ഞു. അകത്തുനിന്നും പുറത്തുനിന്നും എൽഡിഎഫിനെ വിമർശിച്ചിട്ടുണ്ടെങ്കിലും അതു മുന്നണിയെ ശക്തിപ്പെടുത്താൻ മാത്രമാണ്. എൽഡിഎഫ് സിപിഎമ്മിന്റേതു പോലെ തന്നെ സിപിഐയുടേതുമാണ്. സിപിഎം–സിപിഐ ബന്ധം നന്നായി മുന്നോട്ടു കൊണ്ടുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കമ്യൂണിസ്റ്റ് നേതാക്കളായ സി.കെ.വിശ്വനാഥന്റെയും സി.കെ.ഓമനയുടെയും മകനായ ബിനോയ് വിശ്വം വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണു രാഷ്ട്രീയത്തിലെത്തിയത്. 

English Summary:

Binoy Viswam CPI state secretary in charge on the strength of the letter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com