ഇടത് സംഘം ധനമന്ത്രിയെ കണ്ടു; യുഡിഎഫ് സംഘം ഇന്ന് കാണും
Mail This Article
ന്യൂഡൽഹി ∙ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിനു കേന്ദ്ര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാർ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ദേശീയപാതയുടെ വികസനത്തിനു സംസ്ഥാനം ചെലവഴിച്ച തുകയ്ക്കു പകരമായി കടമെടുപ്പു പരിധി ഉയർത്തുക, സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കുറച്ച നടപടി പിൻവലിക്കുക, ജിഎസ്ടി നഷ്ടപരിഹാരത്തിനു പകരമായി പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ എംപിമാർ ഉന്നയിച്ചു.
എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ.മാണി, വി.ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ.എ.റഹീം, എ.എം.ആരിഫ്, പി.സന്തോഷ് കുമാർ, തോമസ് ചാഴികാടൻ എന്നിവരാണു മന്ത്രിയെ കണ്ടത്. ഇന്നു മന്ത്രിയെ കാണുമെന്നു യുഡിഎഫ് സംഘം അറിയിച്ചു.
ഇതിനിടെ, സാമ്പത്തിക പ്രതിസന്ധിക്കു കാരണം എൽഡിഎഫ്, യുഡിഎഫ് സർക്കാരുകളുടെ കെടുകാര്യസ്ഥതയാണെന്നു കാട്ടി കേന്ദ്രമന്ത്രി വി.മുരളീധരൻ നിർമല സീതാരാമനെ കണ്ടു. സംസ്ഥാന സർക്കാരിന്റെ നയങ്ങൾ കേരളത്തെ വലിയ പ്രതിസന്ധിയിലാക്കിയെന്നും ജനങ്ങളുടെ ദുരിതത്തിനു പരിഹാരം കാണണമെന്നും അദ്ദേഹം അഭ്യർഥിച്ചു.