നരഭോജി കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവിന് എതിരെ നൽകിയ ഹർജി തള്ളി
Mail This Article
കൊച്ചി ∙ ബത്തേരി വാകേരിയിലെ നരഭോജി കടുവയെ വെടിവച്ചു കൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെ നൽകിയ പൊതുതാൽപര്യ ഹർജി 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി തള്ളി. നടപടിക്രമങ്ങൾ പാലിക്കാതെയാണു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടതെന്നാരോപിച്ച് അനിമൽ ആൻഡ് നേച്ചർ എത്തിക്സ് കമ്യൂണിറ്റി നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്.
രണ്ടാഴ്ചയ്ക്കുള്ളിൽ പിഴത്തുക സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയിൽ നിക്ഷേപിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഹർജിക്കാരനു മാത്രം അറിയാവുന്ന കാരണങ്ങളാലാണു ഹർജി നൽകിയതെന്നു കോടതി അഭിപ്രായപ്പെട്ടു. വാകേരിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ 9നു പുല്ലരിയാൻ പോയ ക്ഷീരകർഷകൻ മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിക്കത്തറപ്പിൽ പ്രജീഷിനെയാണു (37) കൊന്നത്.
തുടർന്നു നരഭോജി കടുവയെ കൂടു സ്ഥാപിച്ചോ മയക്കുവെടി വച്ചോ പിടികൂടാനായില്ലെങ്കിൽ തിരിച്ചറിഞ്ഞ ശേഷം വെടിവച്ചു കൊല്ലാനായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻകൂടിയായ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ 10നു കണ്ണൂർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കു നിർദേശം നൽകിയത്. എന്നാൽ ഉത്തരവ് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെന്നുമായിരുന്നു ഹർജിയിലെ ആരോപണം.
നരഭോജി കടുവയെ ഉടൻ വെടിവയ്ക്കും: മന്ത്രി ശശീന്ദ്രൻ
ഏറ്റുമാനൂർ ∙ വയനാട് വാകേരിയിൽ കർഷകനെ കൊലപ്പെടുത്തിയ കടുവയെ വളരെ പെട്ടെന്നു വെടിവയ്ക്കാൻ കഴിയുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. സർക്കാർ കർഷകർക്കൊപ്പമാണ്. വയനാട്ടിലെ ജനങ്ങളെ കയ്യൊഴിയില്ല. വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ വയനാട്ടിലേക്കു യാത്ര തിരിച്ചിട്ടുണ്ട്. വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും എല്ലാവരും ജാഗ്രതയോടെ അഭിപ്രായം പറയണമെന്നും മന്ത്രി പറഞ്ഞു.