ആ കുരുന്നിനെ പീഡിപ്പിച്ചു, കൊന്നു, കെട്ടിത്തൂക്കി; പക്ഷേ... തെളിവില്ല; വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതി കുറ്റവിമുക്തൻ
Mail This Article
കട്ടപ്പന ∙ ആ കുരുന്നിനു നീതിയില്ല; കുറ്റം തെളിയിക്കുന്നതിൽ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെ വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ 6 വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതിയെ കോടതി വിട്ടയച്ചു. കുട്ടിയുടെ മരണം കൊലപാതകമാണന്നും പീഡനം നടന്നിട്ടുണ്ടെന്നുമുള്ള കണ്ടെത്തൽ കോടതി ശരിവച്ചു. എന്നാൽ, പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പോക്സോ നിയമപ്രകാരമുള്ള പീഡനം എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ തെളിവു ശേഖരിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നും കോടതി കണ്ടെത്തി. അന്വേഷണോദ്യോഗസ്ഥൻ സംഭവസ്ഥലത്തെത്തിയത് സംഭവം നടന്നതിന്റെ പിറ്റേന്നാണെന്നതടക്കം കോടതി ചൂണ്ടിക്കാട്ടി.
2021 ജൂൺ 30നാണ് എസ്‌റ്റേറ്റ് ലയത്തിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയത്. ഇരുപത്തിനാലുകാരനായ അർജുനെയാണ് കട്ടപ്പന അതിവേഗ പോക്സോ കോടതി സ്പെഷൽ ജഡ്ജി വി.മഞ്ജു കുറ്റവിമുക്തനാക്കിയത്.
കഴുത്തിൽ ഷാൾ കുരുങ്ങിയുള്ള മരണമെന്നാണ് ആദ്യം കരുതിയെങ്കിലും പോസ്റ്റ്മോർട്ടത്തിൽ പീഡനം തെളിഞ്ഞതോടെ അർജുനെ പിടികൂടുകയായിരുന്നു. നാട്ടിലെ അറിയപ്പെടുന്ന ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു അർജുൻ. വണ്ടിപ്പെരിയാർ സിഐയായിരുന്ന ടി.ഡി.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസന്വേഷിച്ചത്.
അപ്പീൽ നൽകാൻ പൊലീസ്
പ്രതിയെ വിട്ടയച്ചതിനെതിരെ അപ്പീൽ നൽകാൻ പൊലീസ് തീരുമാനിച്ചു. യഥാർഥ പ്രതി എവിടെപ്പോയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ പുനരന്വേഷണം ആവശ്യപ്പെടുമെന്നും രണ്ടര വർഷം കുറ്റാരോപിതനെ തടവിലിട്ടതിനു നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അറിയിച്ചു.
∙ ‘‘14 വർഷം കാത്തിരുന്നുണ്ടായ കൊച്ചാണ്. അവളെ കൊന്നുകളഞ്ഞില്ലേ. അവനെ വെറുതേ വിടില്ല. നാട്ടുകാർക്ക് മുഴുവൻ അറിയാം അവൻ ചെയ്തിരിക്കുന്ന കാര്യങ്ങൾ. അവൻ സന്തോഷമായിട്ടു ജീവിക്കാൻ പോകുവാ. ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടില്ലേ. എന്ത് നീതിയാണ് കിട്ടിയത്?’’ – കുട്ടിയുടെ അമ്മ