കേരള മനഃസാക്ഷിയെ ഞെട്ടിച്ച 3 സംഭവങ്ങളിലെ വിധികൾ; ആലുവയിൽ നീതി; വണ്ടിപ്പെരിയാർ, വാളയാർ സമാനം
Mail This Article
പാലക്കാട്/വണ്ടിപ്പെരിയാർ ∙ വാളയാർ, വണ്ടിപ്പെരിയാർ, ആലുവ – കേരള മനഃസാക്ഷിയെ ഞെട്ടിച്ച മൂന്നു സംഭവങ്ങൾ. ആലുവയിൽ അതിഥിത്തൊഴിലാളി കുടുംബത്തിലെ 5 വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു കോടതി വധശിക്ഷ വിധിച്ച് ആഴ്ചകൾക്കുള്ളിലാണു വണ്ടിപ്പെരിയാറിലെ കുഞ്ഞിന്റെ കേസിൽ പ്രതി കുറ്റവിമുക്തനായത്.
ഇതേസമയം, കേരളത്തിന്റെ രണ്ടറ്റങ്ങളിലുള്ള വാളയാറിലെയും വണ്ടിപ്പെരിയാറിലെയും കേസുകൾ തമ്മിൽ ഒട്ടേറെ സമാനതകളുണ്ട്. രണ്ടിടത്തും കേസ് തെളിയിക്കുന്നതിൽ പരാജയമുണ്ടായി.
2023 വണ്ടിപ്പെരിയാർ
കേസിൽ 56 സാക്ഷികളെ വിസ്തരിച്ച കോടതി, 94 രേഖകളും 16 തൊണ്ടി മുതലുകളും പരിശോധിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ 74 രേഖകളിൽ പ്രതിയുടെ സ്മാർട് ഫോണിന്റെ ഫൊറൻസിക് പരിശോധന ഫലവും ഉൾപ്പെടുന്നു. പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. കേസ് തെളിയിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്നു കോടതി നിരീക്ഷിച്ചു.
2023 ആലുവ
പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിനെ (28) മരണംവരെ തൂക്കിലേറ്റാൻ വിചാരണക്കോടതി വിധിച്ചത് നവംബർ 14നാണ്. അസഫാക്ക് ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ ഏകാന്തസെല്ലിലാണ്. കേസിൽ 43 സാക്ഷികളെ വിസ്തരിച്ച കോടതി, 95 രേഖകളും 10 തൊണ്ടി മുതലുകളും പരിശോധിച്ചാണു പ്രതിക്കു വധശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ 95 രേഖകളിൽ സിസിടിവി ദൃശ്യങ്ങളും ഉൾപ്പെട്ടു.
2017 വാളയാർ
പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് 2017 ജനുവരിയിലും മാർച്ചിലുമായി. കേസിലെ 4 പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ 2019 ഒക്ടോബറിൽ പോക്സോ കോടതി വിട്ടയച്ചു. പ്രോസിക്യൂഷനും പൊലീസിനും വലിയ വീഴ്ചയുണ്ടായെന്നു കോടതി വിമർശിച്ചു.
പിന്നീടു വന്ന അന്വേഷണ കമ്മിഷനും ഇക്കാര്യം സ്ഥിരീകരിച്ചു. പോക്സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കി.കോടതി നിർദേശപ്രകാരം അന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും അവർ നൽകിയ കുറ്റപത്രം പോക്സോ കോടതി തള്ളി.
സിബിഐ തന്നെ വീണ്ടും അന്വേഷിക്കാനും ഉത്തരവിട്ടു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നാണു സിബിഐയുടെ കുറ്റപത്രത്തെ പോക്സോ കോടതി വിമർശിച്ചത്. ഇപ്പോൾ സിബിഐയുടെ പുതിയ ടീം അന്വേഷിക്കുന്ന കേസ് അന്തിമഘട്ടത്തിലാണ്.
വാളയാർ കേസിലും പ്രതികളുടെ രാഷ്ട്രീയം ഏറെ വിവാദങ്ങൾക്കു വഴിവച്ചിട്ടുണ്ട്. ആദ്യം അറസ്റ്റിലായ പ്രതികളെ സിപിഎം നേതാവ് സ്റ്റേഷനിൽനിന്ന് ഇറക്കിക്കൊണ്ടു പോയതു വലിയ വിവാദമായിരുന്നു.