റെയ്ഡിൽ പിടിച്ചത് 237 കോടിയുടെ അനധികൃത സ്വത്തുക്കൾ
Mail This Article
കോഴിക്കോട് ∙ മലബാർ മേഖലയിലെ ആർക്കിടെക്ട്–നിർമാണ സംരംഭങ്ങളിൽ 3 ദിവസമായി ആദായ നികുതി വകുപ്പു നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 237 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന മലബാറിലെ പ്രമുഖരായ 8 വ്യക്തികളുടെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് ഇതു കണ്ടെത്തിയത്. കോഴിക്കോട് ഇൻവെസ്റ്റിഗേഷൻ വിങ്ങിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
21 കോടി രൂപയുടെ നോട്ടുകൾ, 6.5 കിലോഗ്രാം സ്വർണം, 25 ലക്ഷം രൂപയുടെ വിദേശ കറൻസി, വിദേശത്തടക്കം വസ്തു വാങ്ങിയതിന്റെ രേഖകൾ എന്നിവയാണു പിടികൂടിയത്. ഇതെല്ലാം ചേർന്ന് 237 കോടി രൂപയടേതു വരുമെന്നാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം.
നികുതി വെട്ടിക്കാനായി ബോധപൂർവം ചെലവുകളിൽ ക്രമക്കേട് നടത്തിയതും കണ്ടെത്തിയിട്ടുണ്ട്. രേഖകളിൽ കാണിക്കാത്ത പണം റിവേഴ്സ് ഹവാല വഴി വിദേശത്ത് എത്തിച്ച് അവിടെ വസ്തുക്കൾ വാങ്ങിയതായി കണ്ടെത്തി. ഇതിനായി പ്രത്യേക സംഘങ്ങൾ കോഴിക്കോടിടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിവരവും ലഭിച്ചിട്ടുണ്ട്.
കോഴിക്കോട്ട് വിൽപന നടത്തുന്ന ആഡംബര ഫ്ലാറ്റുകളുടെ വില വിദേശത്ത് കൈപ്പറ്റി അവിടെത്തന്നെ വസ്തുക്കൾ വാങ്ങിയിട്ടുമുണ്ട്.
കോഴിക്കോട്ടെ ചില പ്രമുഖ വ്യക്തികൾ ഫ്ലാറ്റ് വാങ്ങിയതിന്റെയും വീടുകൾ നിർമിച്ചതിന്റെയും രേഖകളും ഇവരിൽ നിന്നു പിടികൂടിയിട്ടുണ്ട്.
രേഖകളിൽ വില വളരെ കുറച്ചാണു കാണിച്ചിരിക്കുന്നതെന്നാണു നിഗമനം. ശേഖരിച്ചിട്ടുള്ള പേരു വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവരെയും വിളിപ്പിക്കുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.