ADVERTISEMENT

വണ്ടിപ്പെരിയാർ ∙ വായ് മൂടിക്കെട്ടിയിട്ടും സങ്കടവും പ്രതിഷേധവും ഉറക്കെയുറക്കെ പ്രകടിപ്പിച്ച് ആറു വയസ്സുള്ള പെൺകുഞ്ഞിന്റെ മാതാപിതാക്കൾ സമരത്തിനെത്തി. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വിട്ടയച്ച കോടതി വിധി റദ്ദാക്കണമെന്നും കേസിൽ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണു കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് വായ്മൂടിക്കെട്ടി മാർച്ച് നടത്തിയത്. 

പെൺകുട്ടി താമസിച്ചിരുന്ന എസ്റ്റേറ്റ് ലയത്തിൽ നിന്ന് ആരംഭിച്ച മാർച്ചിനു പിന്തുണയുമായി തോട്ടം തൊഴിലാളികളും അണിനിരന്നു. കുഞ്ഞിനു നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ദേശീയപാതയിൽ കുത്തിയിരുന്നു പ്രതിഷേധിച്ച അച്ഛനെയും അമ്മയെയും പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.

ഇവർക്കു പിന്തുണ അറിയിക്കുന്നതിനായി വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ഇന്ന് വണ്ടിപ്പെരിയാറിൽ എത്തും. അവിടെ നിന്നുള്ള അഭിഭാഷക സംഘവും ഒപ്പമുണ്ടാകും. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നിയമസഹായം സംബന്ധിച്ച കാര്യങ്ങൾക്കാണ് ഇവർ എത്തുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഇന്ന് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും. 

കട്ടപ്പന പോക്സോ കോടതി പ്രതിയെ വിട്ടയച്ചതിനെതിരെ അടുത്തയാഴ്ച ആദ്യം അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. 

നിലവിലെ വിധി റദ്ദു ചെയ്യണമെന്നും ആവശ്യപ്പെടും. ഇതിനായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കേസ് ഫയലുകൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറി. ഡിജിപിയുടെ ഓഫിസിൽ നിന്നുള്ള നിയമവിദഗ്ധർ ഇതു പരിശോധിച്ച് അപ്പീൽ തയാറാക്കും. സിപിഎം പ്രവർത്തകനായ പ്രതിയെ കോടതി വിട്ടയച്ചതിനു കാരണം പൊലീസിന്റെ വീഴ്ചയും രാഷ്ട്രീയ ഇടപെടലുമാണെന്ന് ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പ്രതിഷേധപ്രകടനം നടത്തി. യുവമോർച്ച സംസ്ഥാന കമ്മിറ്റി ഇന്ന് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.

പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു: രമേശ് ചെന്നിത്തല

തൊടുപുഴ ∙ വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതി സിപിഎം പ്രവർത്തകനാണെന്നും പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചതാണു പ്രതിയെ വിട്ടയയ്ക്കാൻ ഇടയാക്കിയതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആറു വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചുകൊന്ന പ്രതി ദൃശ്യമാധ്യമങ്ങളിൽ അഭിമുഖം കൊടുക്കുന്ന സാഹചര്യമാണുള്ളത്. തൊടുപുഴയിൽ യുഡിഎഫ് നിയോജക മണ്ഡലം വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ വീഴ്ചയ്ക്കു മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അന്വേഷണം സിബിഐക്ക് വിടണം:സിഎസ്ഡിഎസ് 

കോട്ടയം ∙ വണ്ടിപ്പെരിയാറിൽ ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണം സിബിഐക്കു വിടണമെന്ന് സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ്. അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്‌ഥരെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്നും ഇവരുടെ രാഷ്ട്രീയ ബന്ധം അന്വേഷിക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.

English Summary:

Vandiperiyar Pocso Case: Parents Protest to Police Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com