വിള ഇൻഷുറൻസ്; സംസ്ഥാനത്ത് ചേർന്നത് 21,707 പേർ മാത്രം
Mail This Article
ആലപ്പുഴ ∙ കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ റാബി–2 വിഭാഗത്തിൽ 2023–24 സീസണിൽ സംസ്ഥാനത്ത് ഇതുവരെ ചേർന്നത് 21,707 പേർ മാത്രം. പദ്ധതിയിൽ ചേരാനുള്ള അവസരം 31ന് അവസാനിക്കും.
പാലക്കാട് ജില്ലയിലാണു കൂടുതൽ പേർ പദ്ധതിയിൽ ചേർന്നത്– 17,434. തൃശൂർ– 2,581, മലപ്പുറം– 1124, ആലപ്പുഴ– 110, കാസർകോട്– 104, ഇടുക്കി– 87, കണ്ണൂർ– 77, തിരുവനന്തപുരം– 53, എറണാകുളം– 46, കോഴിക്കോട്– 35, കോട്ടയം– 22, കൊല്ലം– 14, വയനാട്– 11, പത്തനംതിട്ട– 9 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽനിന്ന് പദ്ധതിയിൽ ചേർന്നവരുടെ എണ്ണം.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ശക്തമായ കാറ്റ് തുടങ്ങി പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കാണു നഷ്ടപരിഹാരം ലഭിക്കുക. നെല്ല്, കമുക്, റബർ, വാഴ, വെറ്റില, തെങ്ങ്, ഇഞ്ചി, ഏലം, കശുമാവ്, കൊക്കോ, പൈനാപ്പിൾ, കാപ്പി, പയർ വർഗങ്ങൾ, മരച്ചീനി, എള്ള്, പച്ചക്കറി വിളകൾ, മഞ്ഞൾ, തേയില തുടങ്ങിയവ ഉൾപ്പെടെയുള്ള വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.