ADVERTISEMENT

തിരുവനന്തപുരം ∙ മുല്ലയുടെയും താമരയുടെയും വില കേട്ടാൽ ഞെട്ടലും ഞെട്ടറ്റുവീഴും. ഒരു കിലോ മുല്ലയുടെ വില ഇന്നലെ 2700 രൂപയിൽ. ഒരു മീറ്റർ മുല്ലമാലയ്ക്ക് 750 രൂപ കൊടുക്കണം. 

വിവാഹത്തിനും മറ്റുമൊക്കെ മുല്ലയില്ലാതെ പറ്റില്ല. പക്ഷേ, പരക്കെ മുല്ലക്ഷാമമാണ് ഇപ്പോൾ. ഒരു മുഴം മുല്ല കിട്ടണമെങ്കിൽ പോലും തലേന്നു തന്നെ ഏർപ്പാടാക്കേണ്ട സ്ഥിതി. 

തോവാളയിൽ നിന്നാണു മുല്ല എത്തുന്നത്. അവിടെ 2 കിലോഗ്രാമിന് ബുക്ക് ചെയ്താൽ ഒരു കിലോഗ്രാം കിട്ടിയാലായി. അവർ 2500 രൂപയ്ക്കു നൽകുന്നതാണ് ഇവിടത്തെ കടകളിൽ 2700നു വിൽക്കുന്നത്. ചെറിയ മുല്ലയാണു വരുന്നത്. അതിനാൽ കേടാകുന്നതിന്റെ തോതും കൂടും. രണ്ടു മാസം മുൻപ് 500 രൂപ മുതൽ 700 രൂപ വരെയായിരുന്നു വില. അത് ആയിരത്തിൽ എത്തിയശേഷം കുതിക്കുകയായിരുന്നു. ഒരു താമരയ്ക്കു 3 മാസം മുൻപു വില 5 രൂപ. ഇപ്പോൾ 30 രൂപ കൊടുക്കണം. 

നൂറു താമര ചോദിച്ചാൽ കഷ്ടിച്ച് 40 എണ്ണം തോവാളയിൽ നിന്നു വരും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദിവസം 50 താമരയാണു വേണ്ടെന്നു പുഷ്പവ്യാപാരികൾ പറയുന്നു. ഇതുപോലെ നിത്യപൂജയ്ക്കു താമര ഉപയോഗിക്കുന്ന ഒട്ടേറെ ക്ഷേത്രങ്ങൾ ഉണ്ട്. 

തോവാളയിൽ നിന്നും വെള്ളായണിയിൽ നിന്നുമാണു താമര എത്തുന്നത്. വെള്ളായണി കായലിൽ ഇപ്പോൾ താമര ഇല്ല. മുൻപു ദിവസം 1000 താമരപ്പൂക്കൾ അവിടെ നിന്ന് എത്തിയിരുന്നു. ജനുവരി പകുതിയോടെ മുല്ലയും താമരയും വിലക്കുറവിൽ ആവശ്യത്തിനു കിട്ടുമെന്നാണു വ്യാപാരികൾ പറയുന്നത്.

English Summary:

The price of flowers increased in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com