നവകേരള സദസ്സ്: പരസ്യത്തിലൂടെ കലക്ടർമാർ പണം കണ്ടെത്തണമെന്ന ഉത്തരവിന് സ്റ്റേ
Mail This Article
കൊച്ചി ∙ നവകേരള സദസ്സിന് പരസ്യത്തിലൂടെ പണം കണ്ടെത്താൻ കലക്ടർമാരെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിലെ നിർദേശം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. എങ്ങനെയാണു പണം ശേഖരിക്കേണ്ടതെന്നും അക്കൗണ്ട് ചെയ്യേണ്ടതെന്നുമുള്ള കാര്യങ്ങളിൽ ഒരു മാർഗനിർദേശവും ഒക്ടോബർ 27ലെ ഉത്തരവിൽ ഇല്ലെന്നും ഇത് അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്.
സ്പോൺസർമാരെ കണ്ടെത്തുന്നതും ഫണ്ട് ശേഖരിക്കുന്നതും സംബന്ധിച്ചും കലക്ടർമാർക്കു നിർദേശം നൽകിയ സർക്കാർ ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട മലയാലപ്പുഴ സ്വദേശി ജോളിമോൻ കാലായിൽ നൽകിയ ഹർജിയിലാണു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
നവകേരള സദസ്സിന്റെ നടത്തിപ്പു ചുമതല കലക്ടർമാർക്കും ജില്ലാ ഭരണകൂടത്തിനും നൽകിയുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.ഇത് അനുവദിക്കാൻ കഴിയില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പരസ്യങ്ങളിലൂടെയും മറ്റും ഫണ്ട് സമാഹരിക്കാനാണ് നിർദേശിച്ചിരിക്കുന്നതെന്നും ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകാമെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് അറിയിച്ചു.