ADVERTISEMENT

തേഞ്ഞിപ്പലം (‌മലപ്പുറം) ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും എസ്എഫ്ഐയും തമ്മിൽ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ ‘ബാനർ യുദ്ധം’.

ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകർ തനിക്കെതിരെ സ്ഥാപിച്ച 3 ബാനറുകൾ നീക്കാൻ ഗവർണർ ആവശ്യപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞും സർവകലാശാലയോ പൊലീസോ നടപടിയെടുത്തില്ല.

എസ്പിയോടു ഗവർണർ രോഷാകുലനായതോടെ 6 മണിക്കൂറിനുശേഷം പൊലീസ് ബാനറുകൾ നീക്കിയെങ്കിലും രാത്രി എസ്എഫ്ഐ പുതിയ ബാനർ ഉയർത്തി. ഗവർണർക്കു അഭിവാദ്യമർപ്പിച്ച് ക്യാംപസിലുണ്ടായിരുന്ന ബാനർ കത്തിക്കുകയും ചെയ്തു. നാടകീയ നിമിഷങ്ങളിലൂടെ....

∙ ഉച്ചയ്ക്ക് 12.45: തനിക്കെതിരെ ക്യാംപസിലുള്ള ബാനറുകൾ അഴിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. പൊലീസിനും മാധ്യമപ്രവർത്തകർക്കും മുന്നിൽവച്ച് രാജ്ഭവൻ സെക്രട്ടറിയെ ഫോണിൽ വിളിച്ച അദ്ദേഹം, എന്തുകൊണ്ട് ഇത്തരം ബാനറുകൾ കെട്ടാൻ അനുവദിച്ചുവെന്നു വൈസ് ചാൻസലറോടു വിശദീകരണം ചോദിക്കണമെന്ന് ആവശ്യപ്പെട്ടു. ഗവർണർ താമസിക്കുന്ന ഗെസ്റ്റ് ഹൗസിലേക്കുള്ള റോഡിനു കുറുകെയാണു ബാനർ കെട്ടിയിരുന്നത്.

എസ്എഫ്ഐയുടെ ബാനർ.  (Photo: Special Arrangement)
എസ്എഫ്ഐയുടെ ബാനർ. (Photo: Special Arrangement)

∙ വൈകിട്ട് 5.30: അഞ്ചു മണിക്കൂറോളമായിട്ടും ബാനറുകൾ അഴിക്കാൻ ആരും തയാറായില്ല. സർവകലാശാലയാണ് അഴിക്കേണ്ടതെന്നു പൊലീസ്. സർവകലാശാലാ അധികൃതർ പ്രതികരണത്തിനു തയാറായില്ല.

∙ 6.00: ബാനറുകൾ അഴിച്ചുമാറ്റാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. അഴിച്ചാൽ വീണ്ടും ബാനറുകൾ ഉയരും. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തെ നിഷേധിക്കാനാവില്ല.

∙ 6.45: ഗവർണർ രോഷാകുലനായി ഗെസ്റ്റ് ഹൗസിൽനിന്നു പുറത്തേക്ക്. ബാനർ അഴിച്ചുമാറ്റാത്തത് എന്തുകൊണ്ടെന്ന് മലപ്പുറം എസ്പി എസ്.ശശിധരനോടു ചോദ്യം. ‘മുഖ്യമന്ത്രി താമസിക്കുകയായിരുന്നെങ്കിൽ ഇത് അനുവദിക്കുമായിരുന്നോ ? ഇന്നു രാവിലെ ഇതു താങ്കൾ കണ്ടിരുന്നില്ലേ ? താങ്കൾ ആരുടെയും ‘പഴ്സനൽ സെർവന്റ്’ അല്ല. സർക്കാരിന്റെ ‘സെർവന്റ്’ ആണ്’–ഗവർണർ പറഞ്ഞു. പിന്നാലെ പൊലീസ് ബാനറുകൾ അഴിച്ചുമാറ്റി. ഗവർണർക്കെതിരെ റോഡരികിലെ തൂണുകളിൽ പതിച്ചിരുന്ന പോസ്റ്ററുകളും നീക്കി.

∙ 7.00: വൈസ് ചാൻസലർ എം.കെ.ജയരാജിനെ ഗവർണർ ഗെസ്റ്റ് ഹൗസിലേക്കു വിളിച്ചുവരുത്തി. ബാനർ നീക്കാനുള്ള നിർദേശം മണിക്കൂറുകളോളം നടപ്പാക്കാതിരുന്നതിൽ അതൃപ്തി അറിയിച്ചു.

∙7.15: ബാനർ നീക്കിയതിൽ പ്രതിഷേധവുമായി ആർഷോയുടെ നേതൃത്വത്തിൽ എസ്എഫ്ഐ പ്രവർത്തകർ ക്യാംപസിൽ. ഗെസ്റ്റ് ഹൗസിനു സമീപത്തെ പരീക്ഷാ ഭവനു മുന്നിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് ഇവരെ തടഞ്ഞു. വീണ്ടും ഉയർത്തിയ ബാനറും പൊലീസ് നീക്കി.

∙ 8.00: ഗവർണർക്ക് അഭിവാദ്യമർപ്പിച്ച് അദ്ദേഹത്തിന്റെ ചിത്രമുള്ള ഒരു ബാനർ എസ്എഫ്ഐ പ്രവർത്തകർ കത്തിച്ചു. മയപ്പെടുത്തിയ മുദ്രാവാക്യവുമായി പുതിയ ബാനർ സ്ഥാപിച്ചു. ‘മിസ്റ്റർ ചാൻസലർ: ദിസ് ഈസ് കേരള’ എന്നാണ് പുതിയ ബാനറിലുള്ളത്. ഗവർണർ തെമ്മാടിയെന്നും ജനാധിപത്യ വിരുദ്ധനെന്നും ആർഷോ. ബാനർ അഴിച്ചാൽ വിവരമറിയുമെന്നു പൊലീസിനു മുന്നറിയിപ്പ്.
ഭരണഘടനാ സംവിധാനം തകർക്കുന്നു: ഗവർണർ 
തിരുവനന്തപുരം∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിലും  ഗെസ്റ്റ് ഹൗസ് പരിസരത്തും തനിക്കെതിരെ പോസ്റ്ററുകളും ബാനറും സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരവും പൊലീസ് ഒത്താശയോടെയും ആണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ മനഃപൂർവം അപകീർത്തിപ്പെടുത്താനാണ് ഈ നടപടി. ഇത്തരത്തിലുള്ള മുഖ്യമന്ത്രിയുടെ നീക്കം സംസ്ഥാനത്ത് ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയ്ക്ക് ഇടവരുത്തുന്നതാണെന്ന് രാജ്ഭവൻ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ എന്തു നടപടിയെടുത്തെന്ന് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
ഗവർണറെ തെമ്മാടിയെന്ന് വിളിച്ച് ആർഷോ
തേഞ്ഞിപ്പലം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ചും പൊലീസിനെതിരെ അസഭ്യവർഷം നടത്തിയും എസ്എഫ്ഐ പ്രവർത്തകർ. ഗവർണറുടെ നിർദേശപ്രകാരം പൊലീസ് ബാനറുകൾ നീക്കിയ ശേഷം നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു ഇത്. 

‘ആരിഫ് ഖാനേ മൂരാച്ചി, ഇറങ്ങി വാടാ തെമ്മാടീ’ എന്നായിരുന്നു മുദ്രാവാക്യം. ബാരിക്കേഡിനു മുകളിൽ ബാനർ കെട്ടാനുള്ള നീക്കം തടഞ്ഞപ്പോഴായിരുന്നു സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പൊലീസിനു നേരെ അസഭ്യവർഷം നടത്തിയത്. ‘ആ നാറി കക്കൂസ് കഴുകാൻ പറയുമ്പോൾ കക്കൂസ് കഴുകിക്കോണം. എസ്എഫ്ഐക്കിട്ട് ഉണ്ടാക്കാൻ വരേണ്ട. മിണ്ടാതിരുന്നോണം’. ബാരിക്കേഡിൽ കയറി നിന്നായിരുന്നു ആർഷോയുടെ വെല്ലുവിളി.

English Summary:

SFI Protest against Governor at Calicut University campus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com