ജെഎൻ. 1 കേസുകൾ 3,000 എത്തും; കൂടുതൽ എറണാകുളത്ത്, ആശുപത്രികളിൽ എല്ലാവരും മാസ്ക് ധരിക്കണം
Mail This Article
തിരുവനന്തപുരം ∙ കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ 3000 വരെ കേസുകൾ എത്തുമെന്നു വിലയിരുത്തൽ. അതിനുശേഷമേ കുറഞ്ഞു തുടങ്ങൂ. എത്ര ദിവസം കൊണ്ടു മൂവായിരത്തിൽ എത്തുമെന്ന് വിലയിരുത്താനായിട്ടില്ല. ഇന്നലെ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്ത ഉന്നതതല യോഗത്തിലാണു കണക്കുകൾ വിശദീകരിച്ചത്. ഇപ്പോൾ എറണാകുളത്താണു കൂടുതൽ കേസ്. കോട്ടയം രണ്ടാമതും തിരുവനന്തപുരം മൂന്നാമതുമാണ്. കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
ലക്ഷണമുള്ളവർക്കു മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്കു പ്രത്യേക പരിഗണന നൽകണം. കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തുന്ന ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും സന്ദർശകരും മാസ്ക് ധരിക്കണം. ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യരുത്.
സംസ്ഥാനത്ത് ഈയിടെ 12 കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഒരാൾ ഒഴികെ എല്ലാവരും 65നു മേൽ പ്രായമുള്ളവരാണ്. അർബുദം, വൃക്കയുടെ തകരാർ, ശ്വാസകോശ പ്രശ്നങ്ങൾ, പ്രമേഹം എന്നിവ മൂലം ഗുരുതരാവസ്ഥയിലായിരുന്നപ്പോഴാണ് ഇവരിൽ കോവിഡ് കണ്ടെത്തിയത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസ്സുകാരിയിലാണ് രാജ്യത്ത് ആദ്യമായി ജെഎൻ.1 സ്ഥിരീകരിച്ചത്. നവംബർ അവസാനം വൈറസ് ബാധിച്ച ഇവർ ഡോക്ടറുടെ നിർദേശത്തിൽ വീട്ടിൽ കഴിയുകയായിരുന്നു. രോഗമുക്തയായ ഇവർക്കു മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
വിമാനത്താവളങ്ങളിൽ പരിശോധനയില്ല
തിരുവനന്തപുരം ∙ കേരളത്തിലെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന നടത്തണമെന്ന കേന്ദ്ര സർക്കാരിന്റെ വാക്കാലുള്ള നിർദേശം സംസ്ഥാന സർക്കാർ നിരസിച്ചു. യാത്രക്കാരെ മുഴുവൻ പരിശോധിക്കണമെന്നാണു കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടത്. പരിശോധന വേണമെങ്കിൽ കേന്ദ്രം രേഖാമൂലം നിർദേശിക്കണമെന്നു മന്ത്രി വീണാ ജോർജ് നിലപാടെടുത്തു. പുതിയ വകഭേദത്തിന്റെ പേരിൽ കേരളത്തെ ഒറ്റപ്പെടുത്തുന്നതു ശരിയല്ലെന്നാണ് സർക്കാർ നിലപാട്.
സിംഗപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇന്ത്യയിൽ നിന്നു പോയ 15 പേരിൽ ജെഎൻ.1 സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ പലഭാഗത്തും പുതിയ വകഭേദം ഉണ്ടെന്നാണ് ഇതു തെളിയിക്കുന്നത്. ഇവിടെ പരിശോധനാ സൗകര്യങ്ങൾ മെച്ചമായതിനാലാണ് ആദ്യംതന്നെ കണ്ടെത്തിയത്. പിന്നീടു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയിലും ഇതുതന്നെയാണു സ്ഥിതി. കേരളത്തിൽ ഇന്നലെ 115 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്താകെ 142 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും കൂടി 27 കേസുകൾ മാത്രം എന്നതാണ് കേന്ദ്രത്തിന്റെ കണക്ക്.
അതിർത്തികളിൽ ജാഗ്രതയ്ക്ക് കർണാടക
ബെംഗളൂരു∙ ജെഎൻ.1 കേരളത്തിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് അതിർത്തി ജില്ലകളിൽ കർണാടക പരിശോധന ഊർജിതമാക്കാൻ തീരുമാനിച്ചു; യാത്രാ നിയന്ത്രണങ്ങളില്ല.