പ്രതിഷേധിച്ചവരെ വളഞ്ഞിട്ടാക്രമിച്ച് ഡിവൈഎഫ്ഐ; തിരിച്ചടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
Mail This Article
കൊല്ലം ∙ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് സാന്നിധ്യത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലും തടിക്കഷണങ്ങളും കൊണ്ടു മർദിച്ചു. വടിയും മുളക് സ്പ്രേയും കയ്യിൽ കരുതിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചതോടെ നഗരം അര മണിക്കൂറോളം യുദ്ധക്കളമായി.
സംഘർഷത്തിലും പൊലീസിന്റെ ലാത്തി വീശലിലുമായി രണ്ടു യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഒരു ഡിവൈഎഫ്ഐ നേതാവിനും ഒരു പൊലീസുകാരനും പരുക്കേറ്റു. മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ കരുനാഗപ്പള്ളിയിലേക്കു പോകവേ, ചിന്നക്കട ബിഷപ് ജെറോം നഗറിനു മുന്നിൽ വച്ചാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ കരിങ്കൊടിയുമായി ചാടി വീണത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം, ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് ഭാർഗവൻ, ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സുമേഷ്, ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പളനി എന്നിവർക്കാണു പരുക്ക്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കരിങ്കൊടിയുമായി ചാടി വീണവരെ വാഹന വ്യൂഹത്തോടൊപ്പം ബൈക്കുകളിലെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തു. ഇരുകൂട്ടരെയും പിരിച്ചയയ്ക്കാൻ പൊലീസ് ലാത്തിവീശി.
എസ്എഫ്ഐ ആക്രമണത്തിൽ 3 കെഎസ്‌യു പ്രവർത്തകർക്ക് പരുക്ക്
തൃശൂർ ∙ കേരളവർമ കോളജിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തിൽ മൂന്നു കെഎസ്‌യു പ്രവർത്തകർക്കു പരുക്ക്. കെഎസ്‌യു പ്രവർത്തകരായ ഹരിനന്ദനൻ, ആദിശേഷൻ, യൂണിറ്റ് പ്രസിഡന്റ് അക്ഷയ് വെള്ളറക്കാട് എന്നിവർക്കാണു മർദനമേറ്റത്.
സംസ്‌കൃതം അസോസിയേഷൻ പ്രതിനിധിയായി മത്സരിച്ച ഹരിനന്ദനെയാണ് ആദ്യം മർദിച്ചതെന്നും പിന്നാലെ മലയാളം ക്ലാസിലെത്തി രണ്ടാം വർഷ വിദ്യാർഥിയായ ആദിശേഷനെ മർദിക്കുകയായിരുന്നെന്നും പ്രവർത്തകർ ആരോപിച്ചു. ഓടി രക്ഷപ്പെട്ട ആദിശേഷൻ ജനറൽ ആശുപത്രിയിലേക്ക് ഓട്ടോയിൽ പോയതറിഞ്ഞ് അവിടേക്ക് പുറപ്പെട്ട അക്ഷയിനെയും ഹരിനന്ദനനെയും വാഹനത്തിൽ നിന്നു വലിച്ചിട്ട് ആക്രമിച്ചെന്നും ഇവർ ആരോപിച്ചു.
മൂവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി വിഷ്ണു, ചെയർമാൻ അനിരുദ്ധ്, പ്രവർത്തകനായ മഹേഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. കെഎസ്‌യു പ്രവർത്തകർ വിഷ്ണുവിനെ ജാതിപ്പേരു വിളിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന് എസ്എഫ്ഐയും ആരോപിച്ചു. കുറ്റക്കാർക്കെതിരെ കേസ് ‘എടുത്തു വരുന്നേയുള്ളൂ’ എന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു.