ADVERTISEMENT

തിരുവനന്തപുരം ∙ നവകേരള യാത്രയ്‌ക്കെതിരായ പ്രതിഷേധത്തിനു നേതൃത്വം നൽകുന്ന പ്രതിപക്ഷ വിദ്യാർഥി–യുവജന സംഘടനാ നേതാക്കളുടെ ഫോൺ പൊലീസ് ചോർത്തുന്നുവെന്ന സംശയം ബലപ്പെടുന്നു. ബെംഗളൂരുവിൽനിന്നു ഡ്രോൺ വാങ്ങാൻ അന്വേഷണം നടത്തിയ എൻഎസ്‌യു ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നു വലിയതുറ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) അറിയിച്ചതായി എറിക് പറയുന്നു. ഇതെക്കുറിച്ച് ചോദിച്ചപ്പോൾ ‘അതൊക്കെ നിങ്ങളോട് എങ്ങനെ പറയും’ എന്നായിരുന്നു എസ്എച്ച്ഒ ജി.എസ്.രതീഷിന്റെ പ്രതികരണം.

കെഎസ്‌യുവിന്റെ നേതൃത്വത്തിൽ ഇന്നലെ ഡിജിപി ഓഫിസിലേക്കു മാർച്ച് നടത്താനിരിക്കെയാണ് ചൊവ്വാഴ്ച രാത്രി എറിക്കിനെ വീട്ടിൽനിന്നു പിടിച്ചുകൊണ്ടുപോയി പുലർച്ചെ വരെ സ്റ്റേഷനിൽ ഇരുത്തിയത്. എറിക് ബെംഗളൂരുവിൽ വിളിച്ച 4 ഏജൻസികളെ കണ്ടെത്തിയ പൊലീസ്, ഇദ്ദേഹത്തിനു ഡ്രോൺ വിൽക്കാൻ പാടില്ലെന്ന നോട്ടിസും നൽകി. അതേസമയം, മാർ ഇവാനിയോസ് കോളജിലെ പരിപാടിയുടെ ചിത്രീകരണത്തിനാണു ഡ്രോൺ അന്വേഷിച്ചതെന്ന് എറിക് പറയുന്നു.

കേസന്വേഷണത്തിന്റെ ഭാഗമായി ഏത് എസ്എച്ച്ഒയ്ക്കും സംശയിക്കുന്നവരുടെ ഫോൺ വിളി വിശദാംശം സൈബർ സെൽ വഴി സർവീസ് പ്രൊവൈഡറോട് ആവശ്യപ്പെടാൻ അനുമതിയുണ്ട്. എന്നാൽ, ഐജി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് സംശയം തോന്നുന്ന ആരുടെയും ഫോൺ സംഭാഷണം 7 ദിവസം വരെ ചോർത്താം. ആഭ്യന്തര സെക്രട്ടറിക്കാകട്ടെ 2 മാസം വരെ ഫോൺ ചോർത്തലിന് അനുമതി നൽകാം.

പലപ്പോഴും 7 ദിവസമെന്നത് ആവശ്യമുള്ള ദിവസം വരെ പല ഉദ്യോഗസ്ഥരും നീട്ടിക്കൊണ്ടുപോകുന്നതായാണു വിവരം. പിന്നീട് ആഭ്യന്തര സെക്രട്ടറിക്ക് അയച്ച് അനുമതി നേടും.

മുൻപും മാധ്യമപ്രവർത്തകരുടെ ഫോൺ ഉൾപ്പെടെ രഹസ്യമായി ചോർത്തിയിട്ടുണ്ട്. എന്നാൽ, തെളിവ് എവിടെയെന്ന ചോദ്യം മറയാക്കി ഇത്തരം ആരോപണങ്ങളെ നിഷേധിക്കുകയാണു സർക്കാരിന്റെ രീതി. കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണത്തിൽ സിപിഎം നേതാക്കൾ അന്വേഷണം ആവശ്യപ്പെട്ടിരുന്നുതാനും.

English Summary:

Are students and youth leaders phones hacked?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com