കോവിഡ്: ഇന്നലെ മാത്രം 300 കേസുകൾ; 3 കോവിഡ് മരണം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ കുതിപ്പ്. ഇന്നലെ 300 കേസുകൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച 115 കേസുകളും ബുധനാഴ്ച 292 കേസുകളുമാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച 3 മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഇന്നലെയും 3 പേർ കോവിഡ് ബാധിച്ചു മരിച്ചു.
കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 ആദ്യമായി കണ്ടെത്തിയ കേരളത്തിൽ ഒരു മാസത്തിനകം 3000 കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടാമെന്നു സർക്കാർ വിലയിരുത്തിയിരുന്നു. നിലവിൽ സംസ്ഥാനത്ത് 2341 പേരാണ് പോസിറ്റീവായി കഴിയുന്നത്. ഇന്നലെ 211 പേർ കോവിഡ് മുക്തരായി. റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ അത്രയും പേർ വൈറസ് മുക്തരാകുന്നതിനാൽ ഗുരുതര സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒരാളിൽ മാത്രമേ ജെഎൻ1 കണ്ടെത്തിയിട്ടുള്ളൂ.
രാജസ്ഥാനിലും ജെഎൻ.1
ഇന്നലെ രാജ്യത്താകെ 358 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളം, ഗോവ, മഹാരാഷ്ട്ര എന്നിവയ്ക്കു പിന്നാലെ രാജസ്ഥാനിലും കോവിഡിന്റെ ജെഎൻ.1 ഉപവകഭേദം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ കൊങ്കൺ മേഖലയിലെ സിന്ധുദുർഗിൽ 41 വയസ്സുകാരനിലാണ് ജെഎൻ.1 സ്ഥിരീകരിച്ചത്. രാജസ്ഥാനിൽ പുതുതായി 4 കേസുകളുണ്ട്. ഇതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മുൻവർഷങ്ങളിലും ശൈത്യകാലത്ത് കോവിഡ് കേസുകൾ കൂടിയിരുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. 18 സംസ്ഥാനങ്ങളിൽ ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് 20 ദിവസത്തിനിടെ കോവിഡ് ബാധിച്ച് 23 പേർ മരിച്ചതായും ഇതിൽ ജെഎൻ.1 ഉപവകഭേദം വഴി കോവിഡ് പിടിപ്പെട്ടവരുമുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
സൗദിയിലും വ്യാപനം
സൗദി അറേബ്യയിലും കോവിഡിന്റെ പുതിയ വകഭേദം അതിവേഗം വർധിക്കുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും അധികൃതർ അറിയിച്ചു. കോവിഡ് വാക്സീൻ ഈ വകഭേദത്തിനും അനുയോജ്യമാണെന്നും സൗദി ആരോഗ്യവകുപ്പ് പറയുന്നു.