ADVERTISEMENT

കാട്ടാക്കട (തിരുവനന്തപുരം) ∙ നവകേരള സദസ്സിനെതിരായ കോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ. അതേസമയം പ്രതിഷേധക്കാരുടെ വീടുകൾക്കു നേരെയും പൊലീസ് സ്റ്റേഷനിൽ കടന്നും ‍സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണങ്ങൾ സംബന്ധിച്ച് ‘അതെല്ലാം പൊലീസ് നോക്കിക്കോളും’ എന്നു മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.  

‘നവകേരള സദസ്സിനോട് പ്രതിപക്ഷത്തിന് അലർജിയാണ്. ഇത് എൽഡിഎഫ് പരിപാടിയല്ല, യുഡിഎഫിനെതിരായ പരിപാടിയുമല്ല. അവരും കൂടെയുണ്ടാകും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ തുടങ്ങിയതു മുതൽ കോൺഗ്രസിന് അക്രമ മനോഭാവമാണ്.  ജനസദസ്സിന്റെ ബോർഡുകളും ബാനറുകളും പരസ്യമായി തകർക്കുന്നു. ജനസദസ്സിലേക്കു ജനം ഒഴുകിയെത്തുന്നതിന്റെ അസഹിഷ്ണുതയാണിത്. നാട്ടിലെ സംസ്കാരത്തിന് ചേരാത്ത നടപടിയാണിത്. പൊലീസിനു നേരെ മുളകുപൊടിയും ഗോട്ടിയും എറിഞ്ഞുള്ള പുതിയ പ്രയോഗമാണ് ഇപ്പോൾ നടത്തുന്നത്. ഇത്തരം അക്രമങ്ങൾ നടത്താനുള്ള മാനസികാവസ്ഥ ഉണ്ടാക്കുകയാണ് കോൺഗ്രസ് നേതൃത്വം. നവകേരള സദസ്സിനോട് എന്തിനാണിത്ര പകയും വിദ്വേഷവും? നാടിനെതിരായ സാമൂഹിക വിരുദ്ധ മനോഭാവമാണിത്. ഈ പരിപാടിക്കെതിരെ കോൺഗ്രസ് നടത്തുന്ന കുറ്റവിചാരണ സദസ്സിൽ കോൺഗ്രസുകാർപോലും പങ്കെടുക്കുന്നില്ല. സ്വാഭാവികമായും അവരുടെ നില തെറ്റും. നവകേരള സദസ്സ് അവസാനിക്കാൻ ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. പറ്റുമെങ്കിൽ കോൺഗ്രസ് ഈ തെറ്റായ നിലപാട് തിരുത്തി പൊതുധാരയോടൊപ്പം നിൽക്കാൻ തയാറാവണം.

നവകേരള സദസ്സിൽ ലഭിക്കുന്ന പരാതികൾ തീർപ്പാക്കാനുള്ള തുടർനടപടികൾക്ക് ജില്ലാതലത്തിൽ കലക്ടർക്കൊപ്പം സ്ഥിരം ഉദ്യോഗസ്ഥനെ നിയോഗിക്കാൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ട്. പരാതികളെല്ലാം സമയബന്ധിതമായി പരിഹരിക്കും.  

ഗവർണർ സംഘപരിവാറുകാരെ സർവകലാശാല സെനറ്റിലേക്ക് നോമിനേറ്റു ചെയ്തതിനെ പിന്തുണച്ച കെ.സുധാകരൻ പറഞ്ഞത് അദ്ദേഹത്തിന്റെ മനസ്സിലുള്ളതാണ്. വർഗീയതയുമായി സമരസപ്പെടുന്ന അത്തരക്കാർക്കെതിരെ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിനിപ്പോൾ ശക്തിയില്ല. അതാണ് ആ പാർട്ടിയുടെ ദൗർബല്യം – മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Kerala CM Pinarayi Vijayan attacks on Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com