നവകേരള സദസ്സിൽ വീടിന് അപേക്ഷിച്ചവർ ഏറെ കാത്തിരിക്കണം
Mail This Article
പാലക്കാട് ∙ വീടു കിട്ടാൻ മുഖ്യമന്ത്രിയുടെ നവകേരളസദസ്സിൽ അപേക്ഷ നൽകിയവർ ഇനിയുമേറെ കാത്തിരിക്കണം. 45 ദിവസത്തിനകം തീർപ്പാക്കുമെന്നു സർക്കാർ അവകാശപ്പെട്ട അപേക്ഷകൾ തുടർനടപടിക്കായി തദ്ദേശസ്ഥാപനങ്ങൾക്കു കൈമാറാൻ കഴിയാതെ കുഴങ്ങുകയാണു ലൈഫ് മിഷൻ. ഇവ കൈമാറിയാലും 2020 ൽ പുറത്തിറക്കിയ മുൻഗണനാ പട്ടിക നിലവിലുള്ളതിനാൽ പുതിയ അപേക്ഷകരെ ഉൾപ്പെടുത്താൻ കഴിയില്ല.
നവകേരള സദസ്സിൽ ലഭിച്ച അര ലക്ഷത്തോളം അപേക്ഷകൾ അതതു ജില്ലകളിലെ ലൈഫ് മിഷൻ ഓഫിസുകളിലേക്കു കൈമാറിയെങ്കിലും സദസ്സിന്റെ പോർട്ടലിൽ നിന്ന് അപേക്ഷകൾ തദ്ദേശസ്ഥാപനങ്ങളിലേക്കു ഫോർവേഡ് ചെയ്യാനുള്ള സൗകര്യം നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ പല ജില്ലകളിലും വീടുമായി ബന്ധപ്പെട്ട അപേക്ഷകൾ ഇതുവരെ കൈകാര്യം ചെയ്തു തുടങ്ങിയിട്ടില്ല. വീടോ ഭൂമിയോ ഇല്ലാത്തവരാണ് അപേക്ഷകരിൽ ഭൂരിപക്ഷവും. ഇവയിൽ അന്വേഷണം നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്കു കൈമാറണം. നിലവിലെ പോർട്ടലിൽ അതിനു സൗകര്യമില്ല. ഓരോ അപേക്ഷയും ലൈഫ് മിഷനിൽ പരിശോധിച്ച് ഇ മെയിലിൽ മറുപടി അയയ്ക്കാമെങ്കിലും രണ്ടോ മൂന്നോ ജീവനക്കാർ മാത്രമാണ് അവർക്കുള്ളത്. ലഭിച്ച അപേക്ഷകൾ പലതും റേഷൻ കാർഡ് നമ്പറോ ആധാർ നമ്പറോ ഇല്ലാതെ അവ്യക്തവുമാണ്.
അതേസമയം, ലൈഫ് മിഷൻ പുതിയ അപേക്ഷകൾ ഇപ്പോൾ സ്വീകരിക്കുന്നില്ല. 2020 ൽ പുറത്തിറക്കിയ മുൻഗണനാ പട്ടിക നിലവിലെ സാഹചര്യത്തിൽ മാറ്റം വരുത്താൻ കഴിയില്ല. സദസ്സിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടി വരുമെന്നു ചുരുക്കം.